ജോഫ്ര ആർച്ചർ ആരുടെ പേസ് മെഷീൻ എന്നതിനെച്ചൊല്ലി ട്വിറ്ററിൽ ‘ക്ലബ് പോര്’; സമവായവുമായി ജോഫ്ര

കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഗംഭീര പ്രകടനം പുറത്തെടുത്ത താരമായിരുന്നു ജോഫ്ര ആർച്ചർ. രാജസ്ഥാൻ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെ താങ്ങി നിർത്തിയ ജോഫ്ര ഇംഗ്ലണ്ടിൻ്റെ ആദ്യ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നില്ലെങ്കിലും അവസാന പട്ടികയിൽ ഇടം പിടിച്ചിരുന്നു. അയർലൻഡിനെതിരെയും പാക്കിസ്ഥാനെതിരെയും നടന്ന ഏകദിന സീരീസുകളിലെ മികച്ച പ്രകടനം തുണയായതിനെത്തുടർന്നാണ് ജോഫ്ര ഇംഗ്ലീഷ് സംഘത്തിൽ ഇടം പിടിച്ചത്. തുടർന്ന് ജോഫ്ര കളിച്ച മൂന്ന് ക്ലബുകൾ തമ്മിൽ പരസ്പരം ട്വിറ്ററിൽ നടത്തിയ ട്രോളുകൾ ശ്രദ്ധേയമായി. അതിന് ജോഫ്ര തന്നെ സമവായം കണ്ടെത്തിയതോടെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു.

ജോഫ്രക്ക് ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ട്വിറ്ററിലൂറ്റെ അഭിനന്ദനവുമായി എത്തി. ‘ഞങ്ങളുടെ പേസ് മെഷീൻ 2019 ലോകകപ്പ് കളിക്കാൻ പോകുന്നു’ എന്നായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ട്വീറ്റ്. തുടർന്ന് 2016 മുതൽ ജോഫ്ര കളിക്കുന്ന സസക്സ് ക്ലബ് ട്വീറ്റിനു മറുപടിയുമായെത്തി. ‘ഞങ്ങളുടെ’ പേസ് മെഷീൻ?’ എന്ന ചോദ്യവുമായെത്തിയ സസക്സ് ജോഫ്ര തങ്ങളുടെ ക്ലബിലൂടെയാണ് വളർന്നതെന്ന സന്ദേശമാണ് നൽകിയത്. കഴിഞ്ഞ ബിബിഎൽ സീസണിൽ ജോഫ്ര ജേഴ്സിയണിഞ്ഞ ഹൊബാർട്ട് ഹറികെയിൻസും ഇതിനിടെ സംഭാഷണത്തിൽ പങ്കു ചേർന്നു. തുടർന്നായിരുന്നു ജോഫ്രയുടെ ഇടപെടൽ. ‘സൗമ്യമായി കളിക്കൂ’ എന്ന് ജോഫ്ര അഭ്യർത്ഥിച്ചതോടെ കാര്യങ്ങളൊക്കെ ശുഭപര്യവസായിയായി.

‘ഫ്രണ്ട്സ്’ സീരീസിൽ ജോയി, ചാൻഡ്‌ലർ, റോസ് എന്നിവർ ചേർന്ന് നിൽക്കുന്ന മീം പങ്കു വെച്ച സസക്സ് ക്ലബ് ചർച്ചകൾക്ക് വിരാമമിട്ടു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top