Advertisement

വെസ്റ്റ് ഇൻഡീസ്: പ്രതാപത്തിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തിയവർ

May 22, 2019
1 minute Read

വെസ്റ്റ് ഇൻഡീസ്. ഒരുകാലത്ത് പ്രതാപികളായിരുന്നവർ. ഇപ്പോൾ പിടിപ്പുകേട് മൂലം തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. 2019 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് എത്രത്തോളം സാധ്യതയുണ്ടെന്ന ചോദ്യത്തോട് എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. ചിലപ്പോൾ ആദ്യ റൗണ്ടിൽ പുറത്താവാം. ചിലപ്പോൾ കിരീടം തന്നെ നേടാം. അതങ്ങനൊരു ടീം!

1975ൽ, ആദ്യമായി ലോകകപ്പ് നേടുകയും 1979ൽ അത് നിലനിർത്തുകയും ചെയ്ത വെസ്റ്റ് ഇൻഡീസ് ടീം അക്കാലത്തെ വൻ ശക്തികളായിരുന്നു. ക്ലൈവ് ലോയ്ഡ്, വിവ് റിച്ചാർഡ്സ്, മൈക്കൽ ഹോൾഡിംഗ് എന്ന് തുടങ്ങി പിന്നീടിങ്ങോട്ട് വറ്റാത്ത ഒട്ടേറെ പ്രതിഭകൾ വെസ്റ്റ് ഇൻഡീസിൽ ഉണ്ടായിട്ടുണ്ട്. കോർട്നി വാൽഷും കേർട്ലി ആംബ്രോസുമടക്കം എണ്ണം പറഞ്ഞ പേസർമാരും വിവ് റിച്ചാർഡ്സ്, ബ്രയാൻ ലാറ, ക്ലൈവ് ലോയ്ഡ് തുടങ്ങിയ ബാറ്റ്സ്മാന്മാരും വെസ്റ്റ് ഇൻഡീസിനു സ്വന്തമായിരുന്നു. അതിനെക്കാളുപരി, പേസ് ബൗളിംഗ് ഓൾറൗണ്ടർമാരുടെ ഒരു നീണ്ട നിര തന്നെ അവിടെ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡ്വെയിൻ ബ്രാവോ, ഡ്വെയിൻ സ്മിത്ത്, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, ജേസൻ ഹോൾഡർ തുടങ്ങി അതൊരു നീണ്ട പട്ടികയാണ്. കഴിഞ്ഞ ടി-20 ലോകകപ്പിലെ ചാമ്പ്യൻ പട്ടം ഒരു ഫ്ലൂക്കൊന്നുമല്ല. അതിനുള്ള ശേഷിയുള്ള ടീം തന്നെയാണ് വെസ്റ്റ് ഇൻഡീസ്. പക്ഷേ, ചില പോരായ്മകളുണ്ട്.

ആദ്യത്തെ രണ്ട് ലോകകപ്പുകൾക്ക് ശേഷം തൊട്ടടുത്ത വർഷം ഇന്ത്യയോട് ഫൈനലിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയത് അവരെ തളർത്തിക്കളഞ്ഞെന്ന് തോന്നുന്നു. പിന്നെയൊരു വട്ടം കൂടി അവർ ഫൈനൽ കളിച്ചിട്ടില്ല. 1996 ലെ സെമിഫൈനലാണ് പിന്നെയുള്ള ഉയർന്ന പ്രകടനം. ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നവും കളിക്കാരുടെ നിസ്സഹകരണവും എന്നിങ്ങനെ എന്തൊക്കെയോ പ്രശ്നങ്ങളാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനുള്ളത്.

ഷായ് ഹോപ്പ് എന്ന കളിക്കാരൻ്റെ വരവും ജേസൻ ഹോൾഡർ എന്ന കളിക്കാരൻ്റെ പരിണാമവുമാണ് അടുത്ത കാലത്ത് വെസ്റ്റ് ഇൻഡീസിനു ലഭിച്ച രണ്ട് പോസിറ്റീവ് കാര്യങ്ങൾ. ഷിംറോൺ ഹെട്‌മെയർ എന്ന ക്ലീൻ ഹിറ്റർ, ഡാരൻ ബ്രാവോ എന്ന സ്ട്രോക്ക് മേക്കർ, യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിൽ എന്നിവർക്കൊപ്പം ജേസൻ ഹോൾഡർ, ആന്ദ്രേ റസ്സൽ, ആഷ്ലി നഴ്സ്, ഫാബിയൻ അലൻ തുടങ്ങിയ ഓൾറൗണ്ടർമാരും വിൻഡീസിൻ്റെ കരുത്താണ്. കെമാർ റോച്ച്, ഒഷേൻ തോമസ്, ഷാനോൻ ഗബ്രിയേൽ എന്നിവരടങ്ങുന്ന പേസ് ഡിപ്പാർട്ട്മെൻ്റും മികച്ചത് തന്നെയാണ്.

നരേൻ, ഡ്വെയിൻ ബ്രാവോ തുടങ്ങി ശ്രദ്ധേയമായ ചില ഒഴിവാക്കലുകളുണ്ടെങ്കിലും വെസ്റ്റ് ഇൻഡീസ് താരതമ്യേന മികച്ച ടീമാണ്. ഒരു ടീമായി കളിക്കുക എന്നത് മാത്രമാണ് അവർക്ക് ഇനി ചെയ്യാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top