യുഡിഎഫ് ‘കൈ’യടക്കിയ സംസ്ഥാനത്തെ ഇടതു കോട്ടകള്‍

കാസര്‍ഗോഡ്- പൊതുതെരഞ്ഞെടുപ്പില്‍ ഇടത്തിന്റെ കോട്ടയായ കാസര്‍ഗോഡ് ഇത് യുഡിഎഫിന് ചരിത്ര നേട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ 40,438 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടതു സ്ഥാനാര്‍ത്ഥിയായ പി കരുണാകരനായിരുന്നു 2014- ല്‍ കാസര്‍ഗോഡ് നിന്നും പാര്‍ലമെന്‍റിലെത്തിയത്. 6,921 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷം വിജയിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ ഇത്തവണ രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ യുഡിഎഫിന് സാധിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് ഇടത്തുപക്ഷത്തെ പ്രതികൂലമായി ബാധിച്ചു എന്നുവേണം കരുതാന്‍. രാഹുല്‍ ഗാന്ധിയുടെ തരംഗവും കോസര്‍ഗോഡ് അലയടിച്ചതിന്റെ തെളിവാണ് രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ യുഡിഎഫ് നേടിയ വിജയം.
കണ്ണൂര്‍– ഇടതുപക്ഷത്തിന് ഏറെ മുന്‍തൂക്കമുള്ള കണ്ണൂരും ഇത്തവണ യുഡിഎഫ് കൈയടക്കി. സിറ്റിങ് എംപി കൂടിയായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ 94,559 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഇടതുപക്ഷത്തിനു മുന്‍തൂക്കമുള്ള കണ്ണൂരിലെ വിവിധ നിയമസഭാ മണ്ഡലങ്ങളും ഇത്തവണ യുഡിഎഫിനോട് കൂറ് പുലര്‍ത്തി. 6,566 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചത്. എന്നാല്‍ കണ്ണൂരില്‍ ചരിത്ര വിജയം നേടാന്‍ ഇത്തവണ വലത്തുപക്ഷത്തിനു കഴിഞ്ഞു.
പാലക്കാട്- എക്സിറ്റ് പോളുകളെ പോലും കാറ്റില്‍ പറത്തുന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തിന്‍റെ ജനവിധി. എംബി രാജേഷിനെ ഏറെ ദൂരം പിന്നിലാക്കി യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ വിജയം നേടി. കഴിഞ്ഞ തവണ 1,05,300 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ എംബി രാജേഷിന്‍റെ വിജയം. പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു പാലക്കാടിന്‍റെ ഇത്തവണത്തെ അന്തിമ വിധിയെങ്കിലും ഇടതിനെ പിന്നിലാക്കി യുഡിഎഫ് പാലക്കാട് വിജയം നേടി. 11,637 വോട്ടുകള്‍ക്കാണ് ഇത്തവണ യുഡിഎഫ് പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചത്.
ആലത്തൂര്‍– ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമാണ് ആലത്തൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടും പാടി മണ്ഡലത്തില്‍ വിജയിച്ചു. സോഷ്യല്‍ മീഡിയയുടെ പെങ്ങളൂട്ടിയുടെ വിജയം വോട്ടുകള്‍ക്കാണ്. 37,312 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന്‍റെ വിജയം.
ഇടുക്കി– ഇടുക്കിയില്‍ മിടുക്കനായത് ഇത്തവണ ഡീന്‍ കുര്യാക്കോസ് ആണ്. രാഹുല്‍ താരഗം കേരളത്തില്‍ ഒന്നാകെ അലയടിച്ചു എന്നതിന് ഇടുക്കിയിലെ ഡീന്‍ കുര്യാക്കോസിന്‍റെ വിജയം. ജോയ്സ് ജോര്‍ജിനെ 1,71,053 വോട്ടുകള്‍ക്കാണ് ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. ജോയ്സ് ജോര്‍ജിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 50,542 എന്ന സംഖ്യയെ ഏറെ ദൂരം പിന്നിലാക്കിക്കൊണ്ടാണ് ഡീന്‍ കുര്യാക്കോസിലൂടെ യുഡിഎഫ് മണ്ഡലത്തില്‍ വിജയിച്ചത്.
തൃശൂര്‍- ഇടത്തുകോട്ടയായ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലും യുഡിഎഫിന് മികച്ച നേട്ടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ 93,633 വോട്ടുകള്‍ക്ക് വിജയിച്ചു. മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച ഇടത്ത് സ്ഥാനാര്‍ത്ഥിയായ സിഎന്‍ ജയദേവന് ലഭിച്ച 38,227 എന്ന ഭൂരിപക്ഷത്തെ മറികടക്കാനായി ടിഎന്‍ പ്രതാപന്. രാജാജി മാത്യു തോമസായിരുന്നു ഇത്തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
ചാലക്കുടി– ഇടത്തുപക്ഷം ഏറെ പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലമായിരുന്നു ചാലക്കുടി. എന്നാല്‍ ഇടതു പക്ഷത്തിന് പ്രതികൂലമായിരുന്നു മണ്ഡലത്തിന്‍റെ ഇത്തവണത്തെ ജനവിധി. 13,884 വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ വിജയിച്ച ഇന്നസെന്‍റിനെ 1,32,274 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ ഇത്തവണ പരാജയപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here