പ്രജ്ഞാ സിംഗ് താക്കൂർ കൂറ്റൻ വിജയത്തിലേക്ക്

മലേഗാവ് സ്ഫോറ്റനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞാ സിംഗ് താക്കൂർ കൂറ്റൻ വിജയത്തിലേക്ക്. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗുമായി രണ്ടു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിൽ പ്രജ്ഞയ്ക്കുള്ളത്. ഇതുവരെ പ്രജ്ഞയ്ക്കു ലഭിച്ചത് 5,21,122 വോട്ടുകളാണ്. അതേ സമയം മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിംഗിന് 3,28,536 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തന്റെ വിജയം അധർമത്തിനെതിരായുള്ള ധർമത്തിന്റെ വിജയമാണെന്നും ഭോപ്പാലിലെ ജനങ്ങൾക്ക് നന്ദിപറയുന്നുവെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.
മൂന്നാം സ്ഥാനത്തെത്തിയ ബിഎസ്പിയുടെ മധോ സിംഗ് അഹിർവാറിന് 6,207 വോട്ടുകൾ മാത്രമാണ് ഇതുവരെ നേടാനായത്. നാലാം സ്ഥാനത്തുള്ള റിട്ട. ഐഎഎസുകാരി ഡോ.വീണ ഖനേക്കറിന് ലഭിച്ചത് 1,948 വോട്ടുകൾ മാത്രം.
മുപ്പതുവർഷമായി ബിജെപി മാത്രമാണ് ഭോപ്പാലിൽ ജയിച്ചുവരുന്നത്. ഇവിടെ 2014-ൽ വിജയിച്ചത് ബിജെപിയുടെ അശോക് സഞ്ജാർ ആയിരുന്നു. മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here