Advertisement

രാഗാ തരംഗം അനുകൂലമായി; കേരളം തൂത്തുവാരി യുഡിഎഫ്

May 23, 2019
Google News 0 minutes Read

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ മാത്രമല്ല, കേരളത്തിലാകെ യുഡിഎഫിന് അനുകൂല സാഹചര്യമൊരുക്കുകയായിരുന്നു. വയനാട്ടിൽ വൈകിയെത്തി കേരളം പിടിച്ചെടുത്ത് രാഹുൽ യുഡിഎഫിന് നൽകിയ കാഴ്ചയാണ് വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ മുതൽ വ്യക്തമായിത്തുടങ്ങിയത്. രാവിലെ എട്ടു മണിക്ക് വോട്ടണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂറോളം പിന്നിട്ടപ്പോൾ സ്‌ക്രീനിൽ ഇരുപത് മണ്ഡലങ്ങൾക്ക് നേരെ നിറഞ്ഞത് യുഡിഎഫിന്റെ സ്ഥാനാർത്ഥികളാണ്. രാഗാ തരംഗം മാത്രമല്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടും യുഡിഎഫിന് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടാലും മറ്റൊരു മണ്ഡലത്തിൽ രാഹുലിന്റെ വിജയം കോൺഗ്രസിന് ഉറപ്പാക്കണമായിരുന്നു. അതിന് ഏറ്റും സുരക്ഷിതമായ ഒരു മണ്ഡലം തന്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. രാഹുലിന് വേണ്ടി എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു എന്നതിന് ഇനിയും കൃത്യമായ ഉത്തരമില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുലിന് ഒരു സുരക്ഷിത ഇടം, അതോടൊപ്പം കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കുക എന്നതുമാണ് പ്രധാനമായും ലക്ഷ്യംവെച്ചത്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഏറ്റവും അധികം സ്വാധീനിക്കുക എട്ടു മണ്ഡലങ്ങളെ ആയിരിക്കുമെന്നാണ് വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുൻപ് വിലയിരുത്തപ്പെട്ടത്. രാഹുൽ സ്ഥാനാർത്ഥിയായി എത്തിയ വയനാട്, കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ഇടുക്കി എന്നിവയായിരുന്നു ആ മണ്ഡലങ്ങൾ. എന്നാൽ ആദ്യ സൂചനകൾ പുറത്തുവന്നപ്പോൾ തന്നെ മറ്റ് മണ്ഡലങ്ങളിൽ കൂടി രാഹുലിന്റെ സാന്നിദ്ധ്യം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാകും. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാരെ താഴെയിറക്കി യുഡിഎഫ് സ്ഥാനാർത്ഥികൾ ഒന്നാമതെത്തി. മറ്റു മണ്ഡലങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത അനുഭവപ്പെടാത്തതിന് കാരണവും രാഗാ തരംഗം തന്നെയാണ്. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ വ്യക്തി പ്രഭാഗം വോട്ടുനില കൂട്ടിയിട്ടുണ്ടെന്നും കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. എന്നാൽ യുഡിഎഫിന്റെ ഇത്ര വലിയൊരു മുന്നേറ്റത്തിന് പിന്നിൽ രാഹുലിന്റെ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാനഘടകമായതെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here