തൃശൂർ ടി എൻ പ്രതാപൻ അങ്ങ് എടുക്കുവാ!

സുരേഷ് ഗോപിയുടെ സെലിബ്രിറ്റി സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമായിരുന്നു തൃശൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് സുരേഷ് ഗോപിയുടെ അതിപ്രസരം ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ‘തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം’ എന്നൊക്കെയായിരുന്നു സുരേഷ് ഗോപി പ്രചാരണസമയത്ത് പ്രസംഗിച്ചത്. ഇത് പരിഹാസങ്ങൾക്കിടയാക്കിയ സംഭവങ്ങളാണ്. ശബരിമല വിഷയത്തെച്ചൊല്ലിയുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്തുവരെയെത്തിയിരുന്നു. സുരേഷ് ഗോപി വരുന്നതോടെ തൃശൂരിൽ ബിജെപിയുടെ വിജയം ഉറപ്പാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ സുരേഷ് ഗോപി ചിത്രത്തിൽ പോലുമില്ലെന്നുള്ളതാണ് സത്യം.
തൃശൂരിൽ വോട്ടെണ്ണി തുടങ്ങിയത് മുതൽ യുഡിഎഫാണ് ആധിപത്യം. യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ 6162 വോട്ടുകൾക്ക് മുന്നിലാണ്. എൽഡിഎഫിന് ഒരു തിരിച്ചു കയറ്റം അത് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മാത്രമാണ് ഇടത് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് മുന്നിൽ എത്തിയത്. സുരേഷ് ഗോപിക്ക് ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താനായില്ല.
സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് ടി എൻ പ്രതാപൻ നേരത്തേ രംഗത്തെത്തിയിരുന്നു. പ്രദേശത്തെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോയെന്നും സുരേഷ്‌ഗോപി മത്സരിച്ചത് തിരിച്ചടിയായെന്നുമായിരുന്നു പ്രതാപൻ നേരത്തേ പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here