Advertisement

മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിയപ്പെട്ട കുഞ്ഞിനെ രക്ഷിച്ചത് മൂന്ന് കാലുകളുള്ള നായ

May 24, 2019
Google News 0 minutes Read

മനുഷ്യരെക്കാള്‍ സ്‌നേഹമുള്ളവരാണ് മൃഗങ്ങള്‍ എന്നു പറയുന്നത് ശരി തന്നെയാണ്. പലപ്പോഴും മനുഷ്യരേക്കാള്‍ വലിയ തിരിച്ചറിവുകള്‍ മൃഗങ്ങള്‍ക്കുണ്ട്. മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിയപ്പെട്ട കുഞ്ഞിന് രക്ഷനായ ഒരു നായയുടെ തിരിച്ചറിവും സ്‌നേഹവും സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ്.

ബാങ്കോക്കിലാണ് സംഭവം. ഉസ നാസിക് എന്ന തന്റെ ഉടമയോടൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയതാണ് പിങ് പോങ് എന്ന നായ. പിങ് പോങിന് മൂന്നു കാലുകള്‍ മാത്രമേ ഉള്ളൂ. ഒരു അപകടത്തെ തുടര്‍ന്നാണ് പിങ് പോങ്ങിന് തന്റെ കാലുകളില്‍ ഒന്നിന്‍റെ സ്വാധീനം നഷ്ടമായത്. എങ്കിലും അവന്റെ ഉടമ അവനെ സ്‌നേഹപൂര്‍വ്വം പരിപാലിച്ചു. അതേ സ്‌നേഹം തിരിച്ച നല്‍കി പിങ് പോങും ഉടമയ്‌ക്കൊപ്പമുണ്ട് എപ്പോഴും.

യജമനനോടൊപ്പമുള്ള പിങ് പോങിന്റെ യാത്ര ഗ്രാമത്തിലെ ഒരു വയലിന്റെ സമീപത്തെത്തി. പെട്ടെന്ന് പിങ് പോങ് തന്റെ നടത്തം അവസാനിപ്പിച്ചു. വയലിന് അടുത്തായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒരു ഇടമുണ്ടായിരുന്നു. നായ അങ്ങോട്ടേയ്ക്ക നീങ്ങി. മാലിന്യങ്ങള്‍ ചെറുതായി മാറ്റിയിട്ട് അവന്‍ അവിടുത്തെ മണ്ണ് ഇളക്കി നോക്കി. തുടര്‍ന്ന് കുരച്ചുകൊണ്ട് തന്റെ ഉടമയായ ഉസ നാസിക്കിനെ അവിടേയ്ക്ക് എത്തിച്ചു.

ഞെട്ടിക്കുന്നതായിരുന്നു ഉസ നാസിക് കണ്ട കാഴ്ച. മണ്ണ് ഉളകി കിടക്കുന്ന ഭാഗത്ത് ഒരു കുഞ്ഞിന്റെ കാല്‍ പൊങ്ങി നില്‍ക്കുന്നു. ഉടന്‍തന്നെ അയാള്‍ മണ്ണ് മുഴുവന്‍ മാറ്റി. ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിനെ അദ്ദേഹം മണ്ണില്‍ നിന്നും പുറത്തെടുത്തു. അപ്പോഴേക്കും ഗ്രാമവാസികളില്‍ ചിലരും അവിടെ എത്തിയിരുന്നു. എല്ലാവരും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

അതേസമയം പെലീസ് നടത്തിയ അന്വേഷണത്തില്‍ പതിനഞ്ച് വയസുകാരിയാണ് കുഞ്ഞിന്റെ അമ്മ എന്ന് കണ്ടെത്തി. ഗര്‍ഭിണിയാണെന്നുള്ള വിവരം വീട്ടില്‍ അറിയാതെയിരിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഇവര്‍ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ചത്. മാനസികമായി തകര്‍ന്ന നിലയിലായതിനാല്‍ പെണ്‍കുട്ടി ഇപ്പോള്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്തായാലും നാട്ടിലെ താരം ഇപ്പോള്‍ പിങ് പോങ് എന്ന നായ തന്നെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here