ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്

പാല അടക്കം ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്. വട്ടിയൂർക്കാവ്, എറണാകുളം, കോന്നി, അരൂർ, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്.
കോൺഗ്രസ് അംഗങ്ങളായ കെ മുരളീധരൻ (വടകര), ഹൈബി ഈഡൻ (എറണാകുളം), അടൂർ പ്രകാശ് (ആറ്റിങ്ങൽ) എന്നിവരും സിപിഐഎമ്മിലെ എ എം ആരിഫ് (ആലപ്പുഴ) വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ നിര്യാണത്തെത്തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. പി ബി അബ്ദുൾ റസാഖ് അന്തരിച്ചതോടെ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിന് വേദിയാകുന്നു.
മൊത്തം ഒമ്പത് എംഎൽഎംമാരാണ് ലോക്‌സഭയിലേക്ക് ജനവിധി തേടിയത്. ഇതിൽ അഞ്ചു പേർ പരാജയപ്പെട്ടു. വീണ ജോർജ് (പത്തനംതിട്ട), പി വി അൻവർ (നിലമ്പൂർ), എ പ്രദീപ്കുമാർ (കോഴിക്കോട് നോർത്ത്), സി ദിവാകരൻ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാർ (മാവേലിക്കര) എന്നിവരാണ് പരാജയപ്പെട്ടത്. എംഎൽഎമാരിൽ തിരുവനന്തപുരത്തു മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ മാത്രമാണ് മൂന്നാമതായത്.
ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫുമാണ് 2016 ൽ വിജയിച്ചത്. ഇതിൽ വട്ടിയൂർക്കാവും മഞ്ചേശ്വരത്തും ബിജെപി പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും വട്ടിയൂർക്കാവും ബിജെപി രണ്ടാമതെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here