Advertisement

സെക്രട്ടറിയേറ്റ് പടിക്കലെ ആശാ വർക്കേഴ്സ് സമരം 200-ാം ദിവസത്തിലേക്ക്

2 hours ago
2 minutes Read

സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കേഴ്സ് നടത്തുന്ന സമരം ഇന്ന് 200-ാം ദിവസത്തിൽ. സമീപകാല കേരള ചരിത്രത്തിൽ ഇത്രയും ദിവസങ്ങൾ പിന്നിടുകയും ചർച്ചയാവുകയും ചെയ്ത മറ്റൊരു സമരവും ഉണ്ടായിട്ടില്ല. സമരം തുടങ്ങിയപ്പോൾ ഉയർത്തിയ ചില ആവശ്യങ്ങൾ അംഗീകരിച്ചെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങൾക്കായി ഇപ്പോഴും സമരം തുടരുകയാണ്.

2025 ഫെബ്രുവരി 10, കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം ആരംഭിക്കുന്നു. നിരവധി സമരങ്ങൾ കണ്ട സെക്രട്ടറിയേറ്റ് പരിസരത്ത് കുറച്ച് സ്ത്രീകൾ നടത്തുന്ന സാധാരണ ഒരു സമരം. അത് മാത്രമായിരുന്നു വിശേഷണം. ഒരാഴ്ചയിൽ കൂടുതൽ നീണ്ടുപോകില്ലെന്ന് സമരക്കാർ പോലും കരുതിയ പ്രതിഷേധം.

ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയവയായിരുന്നു ആവശ്യം. മന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിച്ചില്ല. സമരം കടുപ്പിക്കാനായി പിന്നെ തീരുമാനം. ഫെബ്രുവരി 15ന് നടന്ന കുടുംബ സംഗമം സമരത്തിനെ പൊതുജനശ്രദ്ധയിലേക്ക് എത്തിച്ചു. ഫെബ്രുവരി 20ന് സെക്രട്ടറിയേറ്റ് പരിസരം നിശ്ചലമാക്കിയ ആശമാരുടെ മഹാസംഗമം ആണ് സമരത്തിന് മറ്റൊരു മാനം സമ്മാനിച്ചത്. പിന്നാലെ നിയമസഭാ മാർച്ചും, വനിതാ സംഗമവും , സെക്രട്ടറിയേറ്റ് ഉപരോധവും, നിരാഹാര സമരവും, കൂട്ട ഉപവാസവും, മുടിമുറിക്കൽ സമരവും, രാപ്പകൽ സമര യാത്രയും അടക്കം പല ഘട്ടങ്ങളിലൂടെ കടന്നുപോയി. ഇതിനിടയിൽ സമരക്കാർക്ക് നേരെ ആക്ഷേപങ്ങളുടെ പെരുമഴയെത്തി. മഴയത്ത് നനയാതിരിക്കാൻ വലിച്ചുകെട്ടിയ ടാർപ്പ അഴിപ്പിച്ച പൊലീസ് നടപടി ഉൾപ്പെടെ പലതു കണ്ടു.

എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ സമരത്തിന് ലഭിച്ചു. ഇതിനിടയിൽ പല സമരാവശ്യങ്ങളും സർക്കാറിന് അംഗീകരിക്കേണ്ടി വന്നു. ഓണറേറിയ വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഇപ്പോഴും പരിഗണിച്ചിട്ടില്ല. പൂർണ്ണ വിജയം കാണുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശാ വർക്കേഴ്സ്.

Story Highlights : ASHA workers’ strike at Secretariat steps enters 200th day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top