കോൺഗ്രസിനോടുള്ള അതൃപ്തി പറയാതെ പറഞ്ഞ് എം കെ രാഘവൻ

ഹാട്രിക്ക് വിജയം കാഴ്ചവെച്ച കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം കെ രാഘവൻ വോട്ടണ്ണൽ ദിനമായ ഇന്നലെ കോൺഗ്രസിനോട് ഉള്ള അതൃപ്തി പറയാതെ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ ലീഗ് ഹൗസിൽ നിലയുറപ്പിച്ച എം കെ രാഘവൻ ഡിസിസി ഓഫീസിൽ പോവുകയോ രാഘവനൊപ്പം ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ സാനിധ്യമോ ഉണ്ടായിരുന്നില്ല .
വിജയം സമ്മാനിച്ചതിന് നന്ദി മുസ്ലിം ലീഗിനോടും, വെൽഫെയർ പാർട്ടിയോടും മാത്രമാണ് എം കെ രാഘവൻ അറിയിച്ചത്. തെഞ്ഞടുപ്പിന്റെ തുടക്കം മുതൽ ഈ അതൃപ്തി പ്രകടമായിരുന്നു. പ്രചരണ പ്രവർത്തനങ്ങളിൽ ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിന്റെ സാന്നിദ്ധ്യം വെറും പേരിന് മാത്രമായി ഒതുങ്ങിയത് പാർട്ടിക്ക് ഉള്ളിൽ തന്നെ ചർച്ചയായിരുന്നു. ഇതോടെ കോഴിക്കോട്ട് എം കെ രാഘവനും വടകരയിൽ കെ മുരളീധരനും കോൺഗ്രസ് പ്രവർത്തകരെ സജീവമാക്കി നിലനിർത്തേണ്ട ബാധ്യത സ്വയം ഏറ്റെടുത്തു.
ഇടക്ക് വന്ന കോഴ വിവാദവം രാഘവന്റെ വിധിയെ നിർണയിക്കുന്ന ഘടകമായപ്പോഴും ജില്ലയിലെ കോൺഗ്രസിന് അകത്തുള്ള ഭിന്നത പ്രകടമായിരുന്നു. ലീഗിന്റെ പിന്തുണയാണ് എം കെ രാഘവന് ഊർജം പകർന്നത്. കോഴിക്കോട് മണ്ഡലത്തിലും അവരുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം താഴെ തട്ടിൽ ലീഗിന്റെ ആസൂത്രിതമായ പ്രവർത്തനം നടന്നു. റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയത്തിളക്കം ലീഗിനുള്ളതാണെന്നും രാഘവൻ അടിവരയിടുന്നത് ഇതുകൊണ്ട് തന്നെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here