നിയമസഭയിൽ പാർട്ടിയെ നയിക്കും; അധികാര തർക്കത്തിൽ പിന്നോട്ടില്ലെന്നുറച്ച് പി ജെ ജോസഫ്

കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ പിന്നോട്ടില്ലെന്നുറച്ച് പി ജെ ജോസഫ്. നിയമസഭയിൽ പാർട്ടിയെ താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കിയ പി ജെ ജോസഫ്, സംസ്ഥാന കമ്മറ്റി യോഗം ഉടൻ വിളിക്കില്ലെന്നും നിലപാടറിയിച്ചു. തോമസ് ചാഴികാടന്റെ വിജയത്തോടെ ജോസ് കെ മാണി പക്ഷം പാർട്ടിയിൽ മേൽക്കൈ നേടിയതിന് പിന്നാലെയാണ് പി ജെ ജോസഫ് വീണ്ടും പിടിമുറുക്കി കളത്തിലിറങ്ങിയത്.
സംസ്ഥാന കമ്മറ്റി വിളിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടാണ് പാർലമെന്ററി പാർട്ടി നേതൃസ്ഥാനം എന്ന ആവശ്യം പി.ജെ ജോസഫ് മുന്നോട്ടുവെക്കുന്നത്. ചെയർമാൻ പദവിയിൽ നിന്ന് ജോസഫ് പിന്നോട്ടുപോയിട്ടുമില്ല. ലീഡർ മരിച്ചാൽ ഡെപ്യുട്ടി ലീഡറാണ് നിയമസഭയ്ക്കുള്ളിൽ പാർട്ടിയെ നയിക്കേണ്ടതെന്നു വാദമാണ് ഇതിനായി പി ജെ ജോസഫ് ഉന്നയിക്കുന്നത്.
ജോസ് കെ മാണിയെ ചെയർമാനായി അംഗീകരിച്ചാൽ പി ജെ ജോസഫിന് പാർലമെന്ററി പാർട്ടി നേതൃസ്ഥാനം നൽകാമെന്ന് മാണി പക്ഷം മുമ്പ് വാഗ്ദാനം നൽകിയിരുന്നു. ചെയർമാൻ പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസഫ് ആവർത്തിച്ചതോടെ ഈ ചർച്ചകളിൽ നിന്ന് ജോസ് കെ മാണി പക്ഷം പിന്നോട്ടുപോയി. സംസാഥാന യോഗം വിളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജോസഫിനെ ഒഴിവാക്കി സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഉടൻ ഒത്തുചേർന്നേക്കും. തോമസ് ചാഴികാടന്റെ വിജയത്തോടെ പാർട്ടിയിൽ കരുത്തനായ ജോസ് കെ മാണിയെ സമാന്തര നീക്കത്തിലൂടെ ചെയർമാനായി പ്രഖ്യാപിക്കുമെന്നാണ് സൂചന. പി ജെ ജോസഫ്, ജോസ് കെ മാണിക്ക് വഴങ്ങി പാർട്ടിയിൽ തുടരുമോ, പാർട്ടി പിളർത്തി പുറത്തു പോകുമോ എന്ന ചോദ്യത്തിന് മാത്രമേ ഇനി ഉത്തരം ലഭിക്കേണ്ടതുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here