Advertisement

സിറോ മലബാർ സഭാ വ്യാജരേഖാ കേസ്; കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ വിശദീകരണക്കുറിപ്പ്

May 25, 2019
0 minutes Read

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ വിശദീകരണക്കുറിപ്പ്. പള്ളികളിൽ വായിക്കാനായി അതിരൂപത വിശദീകരണക്കുറിപ്പ് പുറത്തിറക്കി. പോലീസ് അന്വേഷണത്ത പൂർണമായും തള്ളിയാണ് അതിരൂപതയുടെ വിശദീകരണക്കുറിപ്പ്.

എറണാകുളംഅങ്കമാലി അതിരൂപതയ്ക്കായി പ്രോ പ്രോട്ടോസിഞ്ചല്ലൂസ് വർഗീസ് പൊട്ടയ്ക്കൽ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് കർദിനാൾ ജോർജ് ആലഞ്ചേരിയെയും വ്യാജ രേഖാക്കേസിലെ അന്വേഷണ സംഘത്തെയും വിമർശിക്കുന്നത്. ഞായറാഴ്ച കുർബന മധ്യേ അതിരൂപതയിലെ പള്ളികളിൽ വായിക്കുന്നതിനായാണ് കുറിപ്പ്. ഫാദർ പോൾ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കാമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ലെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. അതിനാലാണ് ഇരുവരും പ്രതിസ്ഥാനത്ത് തുടരുന്നത്. കേസിൽ ഗൂഡാലോചന നടന്നുവെന്ന വാദം തെറ്റാണ്. കേസിൽ അറസ്റ്റിലായ ആദിത്യ സക്കറിയ വ്യാപാര സ്ഥാപനത്തിലെ ജോലിക്കിടയിൽ കണ്ടെത്തിയ രേഖകളാണ് വിവാദത്തിന് ആധാരം. ആദിത്യയെ കസ്റ്റഡിയിൽ പീഡിപ്പിച്ച് രേഖകൾ വ്യാജമായി നിർമ്മിച്ചവയെന്ന് മൊഴി നൽകാൻ പോലീസ് നിർബന്ധിച്ചു.

വ്യാജരേഖകൾ നിർമിക്കാൻ വൈദികർ പ്രേരണ നൽകിയെന്ന വാദം തെറ്റാണ്. വ്യാജരേഖാക്കേസിലെ സത്യം പുറത്തുകൊണ്ട് വരാൻ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണം. വിഷയത്തിൽ പരിഹാരത്തിന് പ്രാർത്ഥനാ അഹ്വാനവും നൽകുന്നതാണ് അതിരൂപത പുറത്തിറക്കിയ വിശദീകരണക്കുറിപ്പ്. സഭയിലെ അഭ്യന്തര ഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ തെളിവാണ് വിശദീകരണക്കുറിപ്പ്. അതേസമയം കേസിൽ ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ടും നാലാം പ്രതി ഫാദർ ടോണി കല്ലൂക്കാരനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ കോടതി ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇരുവരും അപേക്ഷ നൽകിയത്. ഇരുവരും കേസിൽ ഗൂഡാലോചന നടത്തിയെന്നാണ് പോലീസ് വാദം. ഫാ. ടോണി കല്ലൂക്കാരൻ നിലവിൽ ഒളിവിൽ കഴിയുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top