സന്നാഹ മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ

ഓസ്ട്രേലിയ ലോകകപ്പിലെ പതിവ് തെറ്റിച്ചില്ല. മോശം പ്രകടനങ്ങളുടെ കറ കഴുകിക്കളഞ്ഞ് ഓസീസ് ആദ്യ സന്നാഹ മത്സരം രാജകീയമായിത്തന്നെ വിജയിച്ചു. അതും ടൂർണമെൻ്റ് ഫേവരിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ടിനെയാണ് ലോക ചാമ്പ്യന്മാർ തോൽപിച്ചത്. മിന്നുന്ന സെഞ്ചുറിയുമായി തിളങ്ങിയ സ്റ്റീവ് സ്മിത്താണ് ഓസീസിനു വേണ്ടി തിളങ്ങിയത്. സ്കോർ: ഓസ്ട്രേലിയ- 297/9, ഇംഗ്ലണ്ട് 285/10 (49.3).
14 റൺസെടുത്ത് ആരോൺ ഫിഞ്ച് പുറത്തായതിനു ശേഷം ഡേവിഡ് വാർണറും (43) ഷോൺ മാർഷും (30) ചേർന്ന് രണ്ടാം വിക്കറ്റിൽ 64 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. ഇരുവരും പുറത്തായതിനു പിന്നാലെ ഉസ്മാൻ ഖവാജ (31), മാർക്കസ് സ്റ്റോയിനിസ് (13), അലക്സ് കാരി (30) എന്നിവരെ കൂട്ടുപിടിച്ച് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇന്നിംസ്ഗിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ പുറത്താകുമ്പോൾ 116 റൺസായിരുന്നു സ്മിത്തിൻ്റെ സമ്പാദ്യം. നാലു വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റ് ആണ് ഇംഗ്ലണ്ട് ബൗളിംഗിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്. ഓപ്പണർമാരായ ജേസൺ റോയ് (32), ജോണി ബാരിസ്റ്റോ (12), ബെൻ സ്റ്റോക്സ് (20) എന്നിവർ വേഗം പുറത്തായതിനു ശേഷം ക്രീസിലൊത്തു ചേർന്ന ജെയിംസ് വിൻസ് (64), ജോസ് ബട്‌ലർ (52) എന്നിവരാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിനു ദിശാബോധം നൽകിയത്. ഇരുവരും പുറത്തായതോടെ വീണ്ടും പരുങ്ങലിലായ ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലി (22), ക്രിസ് വോക്സ് (40), ലിയാം പ്ലങ്കറ്റ് (19) എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here