മാർക്ക് വുഡിനും ജോഫ്ര ആർച്ചറിനും പരിക്ക്; ഫീൽഡ് ചെയ്യാനിറങ്ങി അസിസ്റ്റന്റ് കോച്ച് കോളിംഗ്‌വുഡ്

ലോകകപ്പിൽ പരിക്കുകൾ അവസാനിക്കുന്നില്ല. ഇന്നലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ പേസർ മാർക്ക് വുഡും ഓൾറൗണ്ടർ ജോഫ്ര ആർച്ചറുമാണ് പരിക്ക്ഏറ്റ് ഫീൽഡ് വിട്ടത്. ആർച്ചർ പിന്നീട് ബാറ്റിംഗിനിറങ്ങിയെങ്കിലും വുഡ് കളത്തിലിറങ്ങിയില്ല. ടൂർണമെൻ്റ് ഫേവരിറ്റുകളായി ആദ്യ ലോകകപ്പ് സ്വപ്നം കാണുന്ന അതിഥേയർക്ക് വലിയ തിരിച്ചടിയാണിത്.
ആരോൺ ഫിഞ്ചിൻ്റെ വിക്കറ്റെടുത്ത് ഇന്നലെ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ച മാർക്ക് വുഡ് തൻ്റെ നാലാം ഓവറിലാണ് പരിക്കേറ്റ് കളം വിട്ടത്. റണ്ണപ്പിനിടെ പേശീവലിവുണ്ടായ വുഡിനു പകരം വിശ്രമം അനുവദിച്ച ജോഫ്ര ആർച്ചർ ഫീൽഡിലിറങ്ങി. എന്നാൽ ഏറെ വൈകാതെ തന്നെ ബൗണ്ടറി ലൈനരികെ ഫീൽഡ് ചെയ്യുന്നതിനിടെ ആർച്ചറും പരിക്കേറ്റ് മടങ്ങി. ഇതോടെ ജോ റൂട്ട് ഫീൽഡിലിറങ്ങി.
ഇതിനിടെ, 43ആം ഓവറിൽ ഇംഗ്ലണ്ട് സഹ പരിശീലകൻ പോൾ കോളിംഗ്‌വുഡ് മാർക്ക് വുഡിൻ്റെ ജേഴ്സി അണിഞ്ഞ് ഫീൽഡിലിറങ്ങിയത് കൗതുകക്കാഴ്ചയായി. ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിരുന്നപ്പോൾ വളരെ മികച്ച ഫീൽഡറായിരുന്ന കോളിംഗ്‌വുഡ് ഇന്നിംഗ്സിൻ്റെ അവസാനം വരെ ഫീൽഡിലുണ്ടായിരുന്നു.
വിരലിനു പരിക്കേറ്റ ക്യാപ്റ്റൻ ഓയിൻ മോർഗൻ പുറത്തിരിക്കുകയാണ്. ആദിൽ റഷീദും പരിക്കിൻ്റെ പിടിയിലാണ്. ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾക്കും പരിക്ക് ഭീഷണി നിലനിൽക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here