കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികളില്‍ വായിച്ചു

വ്യാജരേഖാ വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികളില്‍ വായിച്ചു. അതിരൂപതാ വികാരി ജനറല്‍ പുറത്തിറക്കിയ സര്‍ക്കുലറാണ് പള്ളികളില്‍ വായിച്ചത്. കര്‍ദ്ദിനാളിനെയും വ്യാജരേഖാക്കേസിലെ അന്വേഷണ സംഘത്തെയും വിമര്‍ശിക്കുന്നതാണ് സര്‍ക്കുലര്‍.
സിറോ മലബാര്‍ സഭയിലെ ആഭ്യന്തര ഭിന്നതകള്‍ പരസ്യ പോരിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപത സര്‍ക്കുലര്‍ പുറത്തിറക്കിയത്. വ്യാജരേഖാക്കേസില്‍ സഭാ സിനഡിന്റെ നിലപാടുകള്‍ പൂര്‍ണമായും തള്ളിയാണ് സര്‍ക്കുലര്‍. കുര്‍ബാന മധ്യേ സര്‍ക്കുലര്‍ പളളികളില്‍ വായിച്ചു.
അതിരൂപതയിലെ ചില പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല. ഫാദര്‍ പോള്‍ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കാമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതിനാലാണ് ഇരുവരും പ്രതിസ്ഥാനത്ത് തുടരുന്നത്. വൈദികരാരും വ്യാജരേഖ രേഖ ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയിട്ടില്ല. കേസില്‍ അറസ്റ്റിലായ ആദിത്യയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച് രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചവയെന്ന് മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് സര്‍ക്കുലര്‍ ആരോപിക്കുന്നു. രേഖകളിലെ വസ്തുത വെളിപ്പെടുന്നതിന് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here