വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും

ശബരിമല സ്ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് സമിതിയാണ് പരിശോധന നടത്തുക. വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിലും വെള്ളിയിലും നേരത്തെ കുറവ് കണ്ടെത്തിയിരുന്നു. 40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. രജിസ്റ്ററിൽ കുറവ് കണ്ടെത്തിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ല. ഇതിനെ തുടർന്നാണ് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തുന്നത്.
കുറവ് കണ്ടെത്തിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. 2017 ന് ശേഷമുള്ള നടവരവ് ഉരുപ്പടികളാണ് സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്തത്. ശബരിമലയിൽ വഴിപാടിലൂടേയും കാണിക്കയിലൂടേയും ലഭിച്ച സ്വർണം, വെള്ളി തുടങ്ങിയവ ക്ഷേത്രത്തിലെ നാലാം രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഈ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള സ്വർണം പിന്നീട് സ്ട്രോങ് റൂമിലേയ്ക്ക് മാറ്റുമ്പോൾ അത് രജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തണം. എന്നാൽ ഇപ്പോൾ നഷ്ടപ്പെട്ട സ്വർണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകൾ ഉണ്ടെങ്കിലും ഇത് സ്ട്രോങ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here