സന്ദീപിനു നാല് വിക്കറ്റ്; ശ്രീലങ്ക എയ്ക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

ശ്രീലങ്ക എയ്ക്കെതിരെ നടന്ന ആദ്യ റ്റെസ്റ്റിൽ ഇന്ത്യ എക്ക് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 205 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 622 റൺസെടുത്തു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ലങ്ക ആദ്യ ഇന്നിംഗ്സിൽ 232നും രണ്ടാം ഇന്നിംഗ്സിൽ 185 റൺസിനും പുറത്തായി. ഇരട്ട സെഞ്ചുറി നേടി ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തായ അഭിമന്യു ഈശ്വരനാണ് കളിയിലെ താരം.
രണ്ട് ഇന്നിംഗ്സുകളിലായി 8 വിക്കറ്റെടുത്ത രാഹുൽ ചഹാറാണ് ലങ്കയെ തകർത്തത്. കേരള പേസർ സന്ദീപ് വാര്യർ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി.
233 റൺസെടുത്ത അഭിമന്യുവിനു പുറമെ 160 റൺസെടുത്ത ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചൽ, 116 റൺസെടുത്ത് പുറത്താവാതെ നിന്ന അന്മോൾപ്രീത് സിംഗ്, 76 റൺസെടുത്ത് പുറത്താവാതെ നിന്ന സിധീഷ് ലഡ് എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. ആദ്യ വിക്കറ്റിൽ അഭിമന്യുവും പ്രിയങ്കും ചേർന്ന് 352 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടുയർത്തിയിരുന്നു.
മറുപടി ബാറ്റിംഗിൽ 103 റൺസെടുത്ത നിരോഷൻ ഡിക്ക്‌വെല്ല, 49 റൺസെടുത്ത ക്യാപ്റ്റൻ ആശാൻ പ്രിയഞ്ജൻ എന്നിവർ മാത്രമേ മികച്ച കളി കാഴ്ച വെച്ചുള്ളൂ. നാലു വിക്കറ്റെടുത്ത രാഹുൽ ചഹാർ, രണ്ട് വീതം വിക്കറ്റെടുത്ത സന്ദീപ് വാര്യർ, ശിവം ദുബേ, ജയന്ത് യാദവ് എന്നിവരാണ് ബൗളിംഗ് കോളത്തിൽ ഇടം പിടിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ രാഹുൽ ചഹാർ വീണ്ടും നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യർ, ജയന്ത് യാദവ് എന്നിവർക്കൊപ്പം അങ്കിത് രാജ്പൂതും രണ്ട് വിക്കറ്റ് വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here