കൊച്ചി മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കും

പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ നടപ്പാക്കുന്ന കൊച്ചി മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കും. 444 കിലോമീറ്റര്‍ ദൂരമുള്ള പൈപ്പിടലിന്റെ പ്രവൃത്തികള്‍ 95 ശതമാനവും കഴിഞ്ഞു. ഈ മേഖലയിലെ ജലാശയങ്ങള്‍ക്കടിയിലൂടെയുള്ള പൈപ്പിടല്‍ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ വീടുകളിലേക്കും, വാഹനങ്ങള്‍ക്കും മറ്റും വിതരണത്തിന് വേണ്ട ഉപശൃംഖല പൈപ്പിടല്‍ പ്രവര്‍ത്തി ഇനിയും വൈകും.
96 കിലോമീറ്റര്‍ ദൂരത്തിലുള്ള കൊച്ചി-കൂറ്റനാട് ലൈനില്‍ പ്രവൃത്തികള്‍ കഴിഞ്ഞു. സുരക്ഷാ പരിശോധനകളാണ് ഇവിടെ നടക്കുന്നത്. ഇത് മൂന്നാഴ്ചക്കകം പൂര്‍ത്തീകരിച്ചശേഷം ഈ ലൈനില്‍ വാതകം നിറയ്ക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പ്രാദേശികമായ വിതരണത്തിനുള്ള പൈപ്പിടല്‍ പ്രവൃത്തികള്‍ ആരംഭിക്കാത്തതിനാല്‍ വീട്, വാഹനങ്ങള്‍ എന്നിവക്കുള്ള വാതക വിതരണം വൈകും. ഐഒസി, അദാനി ഗ്രൂപ്പ് എന്നിവയാണ് ഇതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച നീക്കങ്ങളൊന്നും നിലവില്‍ ആരംഭിച്ചിട്ടില്ല.
കൊച്ചികൂറ്റനാട് മംഗലാപുരം ലൈന്‍ ഏഴ് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. കോഴിക്കോട് ജില്ലയില്‍ ചാലിയാര്‍, ഇരുവഴിഞ്ഞിപ്പുഴ, കുറ്റ്യാടി, മലപ്പുറത്ത് ഭാരതപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി എന്നീ പുഴകള്‍ക്കടിയിലൂടെയുള്ള പൈപ്പിടലാണ് പുരോഗമിക്കുന്നത്. കൂറ്റനാട് ജങ്ഷനില്‍നിന്ന് കോയമ്പത്തൂര്‍ വഴി -ബംഗളൂരുവിലേക്കുള്ള ലൈനില്‍ പ്രവൃത്തികള്‍ പൂര്‍ത്തീയാകാന്‍ ഇനിയും വൈകും. പ്രധാന പൈപ്പ് ലൈനുകള്‍ ഗെയിലും വീടുകളിലേക്കും മറ്റും വിതരണത്തിന് വേണ്ട ഉപശൃംഖലകള്‍ ഐഒസിയും അദാനി ഗ്രൂപ്പുമാണ് ചെയ്യുന്നത്. ഇവ രണ്ടും ഒന്നിച്ച് സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും അതുണ്ടായില്ല. ഉപശൃംഖല പൈപ്പിടല്‍ പ്രവൃത്തികള്‍ ആരംഭിച്ചാലും പൂര്‍ത്തീകരിക്കാന്‍ ആറ് മാസമെങ്കിലുമെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here