സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആയുധ ഇടപാടിനൊരുങ്ങി അമേരിക്ക

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ ആയുധ ഇടപാടിനൊരുങ്ങി അമേരിക്ക. എട്ടു ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ട്രംപിന്റെ നീക്കം. അതേസമയം സൗദിക്ക് നേരെ വീണ്ടും ഹൂതി ഭീകരവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തി.
ഇറാനുമായുള്ള ഏറ്റുമുട്ടല്‍ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുതിയ ആയുധ ഇടപാട്. സൗദി, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഏറ്റവും പുതിയ ആയുധനങ്ങള്‍ ലഭ്യമാക്കാനാണ് നീക്കം. എട്ടു ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചില അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് ഇടപാടുമായി ട്രമ്പ് മുന്നോട്ട് പോകുന്നത്. ഇറാന്റെ വില്ലുവിളി നേരിടാനാണ് ഈ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു.
പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഉള്‍പ്പെടെ മേഖലയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം തുടരുകയാണ്. അതേസമയം സൗദിയിലെ ജിസാന് വിമാനത്താവളത്തിനു നേരെ യമനിലെ ഹൂത്തി ഭീകരവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാന് നേരെ ഇന്നലെയായിരുന്നു ആക്രമണം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് ട്രോണ്‍ സൗദി വ്യോമസേന തകര്‍ത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച നജ്‌റാന് വിമാനത്താവളത്തിനു നേരെയും ഹൂതികള്‍ ട്രോണ്‍ ആക്രമണം നടത്തിയിരുന്നു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സാധാരണക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഹൂതികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി മുന്നറിയിപ്പ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here