അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വിസയും കാത്ത് നിൽക്കുകയാണെന്ന് എം.വി ജയരാജൻ

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വിസയും കാത്ത് നിൽക്കുകയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ പുകഴ്ത്തിയപ്പോൾ അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഐഎം നടപടിയെടുത്തിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസിന് ത്രാണി വേണമെന്നും എം.വി ജയരാജൻ പറഞ്ഞു. ബിജെപി ഒരിക്കലും ഗാന്ധിയൻ മൂല്യങ്ങളല്ല പിന്തുടരുന്നത്. ഗോഡ്‌സെയുടെ മൂല്യങ്ങളാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.
തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി നേരത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിയുടെ ഭരണ തന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണെന്നും മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സ്വച്ഛ് ഭാരത് സ്‌കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് നൽകിയതും 6 കോടി കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷൻ നൽകിയതുമെല്ലാം അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും നരേന്ദ്രമോദിയെ വിമർശിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here