അമേരിക്കയുമായി ആണവ ചർച്ചയ്ക്കില്ലെന്ന് ഇറാൻ

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അമേരിക്ക തയ്യാറാണെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. മേഖലയിൽ അമേരിക്കയുടെ ശക്തമായ സൈനിക വിന്യാസം തുടരുകയാണ്.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ചർച്ചക്ക് പ്രസക്തി ഇല്ലെന്നാണ് ഇതിനോട് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസാവി പ്രതികരിച്ചത്. വാക്കുകളിൽ ഇറാൻ വിശ്വസിക്കുന്നില്ലെന്നും സമീപനവും പെരുമാറ്റവും മാറ്റാൻ അമേരിക്ക തയ്യാറാകണമെന്നും മൗസാവി പറഞ്ഞു.
ഇറാനിലെ ഭരണമാറ്റത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ആണവ നിർമാർജനമാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ആണവായുധങ്ങളുടെ വികസനവുമായി രാജ്യം മുന്നോട്ട് പോകുന്നില്ലെന്ന് ഇറാൻ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാങ്കിരി വ്യക്തമാക്കി. 2015-ൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ആണവ കരാർ കഴിഞ്ഞ വർഷം അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കിയതാണ് നിലവിലുള്ള സംഘർഷങ്ങൾക്ക് കാരണം. ആഗോളതലത്തിൽ ഇറാന്റെ എണ്ണ വിൽപനയെ ഇത് ബാധിച്ചു. അതേസമയം, മേഖലയിലെ സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബാൾട്ടൻ യുഎഇയിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here