നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമത ബാനർജി പങ്കെുക്കില്ല

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മമത നേരത്തേ അറിയിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന പുതിയ തീരുമാനം ട്വിറ്ററിലൂടെയാണ് മമത അറിയിച്ചത്. ഭരണഘടനാനുസൃതമായ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്നായിരുന്നു തന്റെ തീരുമാനം. എന്നാൽ ആ നിലപാട് മാറ്റാൻ താൻ നിർബന്ധിതയായെന്നാണ് മമത പറയുന്നത്.
കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിലെ വാർത്തകളിൽ കണ്ടത് ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങളിൽ 54 പേർ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടതായാണ്. ഇത് തീർത്തും വസ്തുതാ വിരുദ്ധമാണ്. ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളേയില്ല. തങ്ങളുടെ പക്കൽ ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ല. ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ഇതാണെന്നെ പ്രേരിപ്പിച്ചത് എന്നാണ് മമത പറഞ്ഞത്.
മെയ് 30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മമത ബാനർജിയെ നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് ചടങ്ങിൽ പങ്കെടുക്കുമെന്ന് മമത ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന പുതിയ തീരുമാനം അവർ കൈക്കൊണ്ടത്.
മെയ് 30ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിംസ്റ്റെക് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദിയും മമത ബാനർജിയും തമ്മിലുണ്ടായ വാക്കുതർക്കങ്ങൾ വാർത്തകളായി നിറഞ്ഞിരുന്നു. ഫോനി ചുഴലിക്കാറ്റ് സമയത്ത് സ്ഥിതി വിശേഷം അന്വേഷിക്കാൻ ഫോൺ വിളിച്ചിട്ടും മമത മറുപടി നൽകിയില്ല എന്നതടക്കമുള്ള വിവാദങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here