Advertisement

ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; മോദിയും ജെയ്റ്റ്‌ലിയും കൂടിക്കാഴ്ച നടത്തി

May 29, 2019
Google News 1 minute Read

രണ്ടാം നരേന്ദ്രമോദി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പുതിയ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദി മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ കണ്ടു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അരുൺ ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയിൽ നിന്ന് പിൻമാറിയത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.

അതേസമയം, പുതിയ മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് വിവരം. പ്രകാശ് ജാവദേക്കർ, നിർമ്മലാ സീതാരാമൻ, അർജുൻ മേഘ്‌വാൾ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ് എന്നിവർ പുതിയ മന്ത്രിസഭയിലും അംഗങ്ങളാകും എന്നാണ് സൂചന. നിതിൻ ഗഡ്കരിക്ക് കേന്ദ്രമന്ത്രിസഭയിൽ നിർണായക പദവിയുണ്ടാകും. സ്മൃതി ഇറാനിക്കും അർഹിക്കുന്ന പദവി തന്നെ നൽകിയേക്കുമെന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. കേരളത്തിൽ നിന്നും മന്ത്രിമാരുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തേ മോദിയുമായി മുൻ ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അമിത് ഷായുടെ വീട്ടിലെത്തി ചർച്ച നടത്തി. നാളെ രാവിലെ നിയുക്ത മന്ത്രിമാരെ മോദി കാണുമെന്നാണ് വിവരം.

Read more: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുലും സോണിയയും പങ്കെടുക്കും

നാളെ വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദി ഉൾപ്പെടെ രണ്ടാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ബംഗാളിൽ രാഷ്ട്രീയ അക്രമണങ്ങളിൽ 54 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടെന്നുള്ള വാർത്തയിൽ പ്രതിഷേധിച്ചാണ് നേരത്തെ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മമത പിന്മാറിയത്. ബിംസ്റ്റെക് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയാണ് ബിംസ്റ്റെക് കൂട്ടായ്മയിലുള്ള മറ്റു രാജ്യങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here