നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുലും സോണിയയും പങ്കെടുക്കും

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണി ഗാന്ധി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇവർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും.
തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ബംഗാളിൽ രാഷ്ട്രീയ അക്രമണങ്ങളിൽ 54 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടെന്നുള്ള വാർത്തയിൽ പ്രതിഷേധിച്ചാണ് നേരത്തെ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മമത പിന്മാറിയത്. ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് വൈകിട്ടോടെ പിന്മാറ്റ വിവരം മമത ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിംസ്റ്റെക് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയാണ് ബിംസ്റ്റെക് കൂട്ടായ്മയിലുള്ള മറ്റു രാജ്യങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here