ബ്രാഹ്മണരുടെ കാൽകഴുകി ഭക്ഷണം വിളമ്പി നൽകാൻ ഇതര ജാതിക്കാർ; പാലക്കാട്ടെ ‘ക്ഷേത്രാചാരം’ വിവാദത്തിൽ
ബ്രാഹ്മണരുടെ കാൽ ഇതര ജാതിക്കാരെ കൊണ്ട് കഴുകിപ്പിക്കുന്ന ആചാരം പാലക്കാട്ടും. ഒറ്റപ്പാലം കണ്ണിയംപുറം കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബ്രാഹ്മണരുടെ കാൽ കഴുകൽ ചടങ്ങ് നടക്കുന്നത്. അതേസമയം ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങാണെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണ് ഭാരവാഹികളുടെ നിലപാട്. കർണ്ണാടകത്തിലെ മഡൈ സ്‌നാനത്തിന് തുല്യമായ ആചാരങ്ങൾ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കുമെന്ന് പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ പറഞ്ഞു.
കണ്ണിയം പുറത്തെ കൂനം തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായാണ് ബ്രാഹ്മണർക്ക് കാൽ കഴുകിച്ചൂട്ടൽ ചടങ്ങ് നടക്കുന്നത്. ജൂൺ 3ന് നടക്കുന്ന ചടങ്ങിന്റെ നോട്ടീസ് വീടുകളിലെത്തിയതോടെ വിവാദമായി. പ്രാകൃതമായ ആചാരമാണെന്നുംബ്രാഹ്മണ മേധാവിത്വത്തിന്റെ കാലത്തേക്ക് നടത്തുകയാണ് കാൽ കഴുകൽ ആചാരത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം ആരോപിച്ചു. അതേസമയം ഇത്തരമൊരു ആചാരം നടത്തണമെന്ന്തങ്ങൾക്ക് ഒരു നിർബന്ധവുമില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ചടങ്ങ് നടത്താൻ താൽപര്യമുള്ളവർ ഉള്ളതുകൊണ്ടാണ് നോട്ടീസ് അടിച്ചതെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി.ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട് സാംസ്‌കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ അറിയിച്ചു. മനുഷ്യരെ ജാതീയമായി വേർതിരിക്കുകയും, വർണ്ണ വ്യവസ്ഥയെയും മനുസമൃതിയെയും തിരിച്ചുകൊണ്ടുവരാനുള്ള ഈ നീക്കം മനുഷ്യർ ഒരുമിച്ച് നിന്ന് പ്രതിരോധിക്കേണ്ടതാണ്. ആചാരങ്ങൾ ലംഘിച്ചും സമരം ചെയ്തു നാം നേടിയ നവോത്ഥാനത്തെ തച്ചുടക്കാനും വടക്കേ ഇന്ത്യയിലേത് പോലെ അനാചാരങ്ങൾകൊണ്ട് സാംസ്‌കാരിക അധിനിവേശം നടത്തുകയും ചെയ്യുന്ന ഇത്തരം ദുരാചാരങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here