സുധീരൻ യാതൊരു ആദർശവുമില്ലാത്ത നേതാവാണെന്ന് അബ്ദുള്ളക്കുട്ടി

മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ യാതൊരു ആദർശവുമില്ലാത്ത നേതാവാണെന്നും സുധീരൻ തന്നോട് പത്ത് വർഷമായി വ്യക്തിവിരോധം തീർക്കുകയാണെന്നും എ.പി അബ്ദുള്ളക്കുട്ടി. നാലുവരി പാത വികസനവുമായി ബന്ധപ്പെട്ടാണ് സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നതെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കിയയാളാണ് സുധീരനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപിയുമായി താൻ ചർച്ച നടത്തിയിട്ടില്ല. ബിജെപിയിൽ പോകുന്ന കാര്യം സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് തെരഞ്ഞെടുപ്പ് വിശകലനം മാത്രമാണ്. ഇതു സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളെല്ലാം അവാസ്തവമാണെന്നും വീക്ഷണം മുഖപ്രസംഗം കണ്ട് താൻ ഞെട്ടിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിശദീകരണം കേൾക്കുന്നതിന് മുമ്പ് വിധി പറയുകയാണ് വീക്ഷണം ചെയ്തത്. ഇത് മര്യാദയില്ലായ്മയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം ഇന്ന് രംഗത്തെത്തിയിരുന്നു. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടു നടക്കുന്ന ദേശാടന പക്ഷിയാണെന്ന് മുഖപ്രസംഗത്തിൽ വീക്ഷണം കുറ്റപ്പെടുത്തുന്നു. ‘അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
കോൺഗ്രസിൽ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വീക്ഷണം മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ദേശാടന പക്ഷിയെപ്പോലെ വാസസ്ഥലം മാറുന്ന അബ്ദുള്ളക്കുട്ടി കോൺഗ്രസിലെത്തിയത് അധികാരമോഹവുമായിട്ടാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കാൻ ശീലിച്ചിട്ടുള്ള ഇത്തരക്കാരെ കോൺഗ്രസിൽ തുടരാൻ അനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here