നാല് അർദ്ധ സെഞ്ചുറികൾ; ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 89 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മൂന്നു വിക്കറ്റെടുത്ത ലുങ്കി എങ്കിഡിയാണ് തിളങ്ങിയത്.
മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ ജോണി ബാരിസ്റ്റോയെ നഷ്ടമായെങ്കിലും ജേസൺ റോയ്, ജോ റൂട്ട് എന്നിവർ ചേർന്ന് ഇംഗ്ലണ്ടിന് ഉജ്ജവൽ തുടക്കം നൽകി. രണ്ടാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്ത ഇരുവരും 19ആം ഓവറിലാണ് വേർപിരിയുന്നത്. അർദ്ധസെഞ്ചുറി അടിച്ചതിനു പിന്നാലെ ഉയർത്തിയടിക്കാൻ ശ്രമിച്ച റോയ് മിഡ് ഓഫിൽ ഡുപ്ലെസിസിൻ്റെ കൈകളിൽ അവസാനിച്ചു. 53 പന്തുകളിൽ 54 റൺസെടുത്ത റോയ് എട്ട് ബൗണ്ടറികൾ അടിച്ചിരുന്നു. തൊട്ടടുത്ത ഓവറിൽ കഗീസോ റബാഡ ജോ റൂട്ടിനെ ജെപി ഡുമിനിയുടെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റും നഷ്ടമായി. 59 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികൾ സഹിതം 51 റൺസെടുത്ത റൂട്ട് പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.
എന്നാൽ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ ഓയിൻ മോർഗനും ഓൾറൗണ്ടർ ബെൻ സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 106 റൺസാണ്. ഒടുവിൽ 37ആം ഓവറിൽ ഇമ്രാൻ താഹിറിനു വിക്കറ്റ് സമ്മാനിച്ച് മോർഗൻ മടങ്ങി. താഹിറിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ ലോങ്ങ് ഓണിൽ എയ്ഡൻ മാർക്രം മോർഗനെ ഗംഭീരമായി പിടികൂടുകയായിരുന്നു. 42ആം ഓവറിൽ 18 റൺസെടുത്ത വിക്കറ്റ് കീപ്പർ ജോസ് ബട്ലറെ ലുങ്കി എങ്കിടി പുറത്താക്കി. വിക്കറ്റുകൾ നഷ്ടമായിട്ടും ഒരു വശത്ത് ബാറ്റിംഗ് തുടർന്ന സ്റ്റോക്സ് മൊയീൻ അലി (3), ക്രിസ് വോക്സ് (13) എന്നിവരോടൊപ്പം സ്കോർ ഉയർത്തി. 48ആം ഓവറിൽ ബെൻ സ്റ്റോക്സ് പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. 79 പന്തുകൾ നേരിട്ട സ്റ്റോക്സ് 89 റൺസ് എടുത്ത ശേഷമാണ് പുറത്തായത്.
ഒൻപത് റൺസുമായി ലിയാം പ്ലങ്കറ്റും 7 റൺസുമായി ജോഫ്ര ആർച്ചറും പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റെടുത്ത എങ്കിഡിക്കൊപ്പം രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഇമ്രാൻ താഹിറും കഗീസോ റബാഡയും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here