സിഗരറ്റ് വാങ്ങാനിറങ്ങിയ നടന്മാരെ ഭീകരവാദികളെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

സിഗരറ്റ് വാങ്ങാനിറങ്ങിയ നടന്മാരെ ഭീകരവാദികളെന്ന് കരുതി കസ്റ്റഡിയിൽ എടുത്ത് മുംബൈ പൊലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുവരും തീവ്രവാദികളുടെ വേഷത്തിലായിരുന്നു എന്നതാണ് പൊലീസുകാരെ കുഴക്കിയത്. ഇരുവരുടേയും വേഷം കണ്ട് തെറ്റിദ്ധരിച്ച നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഹൃത്വിക് റോഷനും ടൈഗർ ഷെറഫും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദിവസക്കൂലിക്ക് അഭിനയിക്കാനെത്തിയ ബൽറാമിനേയും അർബ്ബാസിനേയുമാണ് പൊലീസ് കസ്റ്റിഡിയിലെടുത്തത്.ഡമ്മി വെടിയുണ്ടകൾ നിറച്ച ജാക്കറ്റ് ധരിച്ച് ഒരു വാനിലായിരുന്നു ഇരുവരും സിഗരറ്റ് വാങ്ങാൻ ഇറങ്ങിയത്. ഇത് കണ്ട് ഞെട്ടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും കടയിൽ നിന്നും പോയിരുന്നു. തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.

ഒരു മണിക്കൂറിന് ശേഷം ബൽറാമിനേയും അർബ്ബാസിനേയും പൊലീസ് പിടികൂടി. വൻ പൊലീസ് സന്നാഹമാണ് ഇരുവരേയും പിടികൂടാൻ ഇറങ്ങിത്തിരിച്ചത്. സിനിമാക്കാരാണെന്ന് ചെറുപ്പക്കാർ പറഞ്ഞെങ്കിലും ആദ്യം പൊലീസ് അത് വിശ്വസിച്ചില്ല. സിനിമാ ലൊക്കേഷനിലെത്തി വാസ്തവം മനസിലാക്കിയതിന് ശേഷമാണ് രണ്ടാളെയും പൊലീസ് വിട്ടയച്ചത്. എന്നാൽ ആശങ്ക സൃഷ്ടിച്ചതിന് ബൽറാമിനും അർബാസിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭീകരവേഷമിട്ട നടൻമാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത് ജനങ്ങൾക്കിടയിൽ വലിയ ഭയപ്പാടുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top