‘സ്റ്റാർ ആക്ഷൻ കട്ട്, ഇതിൽ ഏതാണ് മനസ്സിലാവാത്തത്?’; ധ്യാൻ ശ്രീനിവാസനെ ട്രോളി അജു വർഗീസ്

നടൻ അജു വർഗീസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ.’ നിവിൻ പോളിയും നയൻ താരയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് നടൻ ധ്യാൻ ശ്രീനിവാസൻ അരങ്ങേറ്റം കുറിക്കുകയാണ്. തൻ്റെ ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങൾ അജു പലപ്പോഴായി അറിയിക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകൻ ധ്യാനെ ട്രോളി അജു രംഗത്തു വന്നിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെയാണ് അജു സ്വന്തം സംവിധായകനെ ട്രോളിയത്. ചിത്രത്തിൽ ഒരു വേഷം അവതരിപ്പിക്കുന്ന നടനും അച്ഛനുമായ ശ്രീനിവാസന് രംഗം വിവരിച്ചു കൊടുക്കുന്ന ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു അജുവിൻ്റെ ട്രോൾ. ‘നിനക്കിതൊക്കെ അറിയാമോടെ?’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. “സ്റ്റാർട്ട് ആക്ഷൻ കട്ട്, ഇതിൽ ഏതാണ് മനസ്സിലാവാത്തത്” എന്ന ശ്രീനിവാസന്റെ ഫേമസ് ഡയലോഗും പോസ്റ്ററിൽ അജുവർഗീസ് ചേർത്തിട്ടുണ്ട്. അജുവിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ട് ഇപ്പോൾ ചെന്നൈയിൽ നടക്കുകയാണ്.ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here