നിരന്തര ശാരീരിക പീഡനം: ഭർത്താവിനെ കൊന്ന് തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി ഭാര്യ പൊലീസ് സ്റ്റേഷനിൽ

നിരന്തര ശാരീരിക-മാനസിക പീഡനം സഹിക്കവയ്യാതെ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. അസമിലെ മാസഗോണിലാണ് സംഭവം. 55 കാരനായ മുദിരാമനെയാണ് 48കാരിയായ ഗുണേശ്വരി കൊലപ്പെടുത്തിയത്. മുദിരാമന്റെ തലയറുത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി ഗുണേശ്വരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മാസഗോണിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള പൊലീസ് ഔട്ട്‌പോസ്റ്റിലാണ് ഗുണേശ്വരി ഭർത്താവിന്റെ തലയുമായി എത്തിയത്.
തുടർച്ചയായുള്ള പീഡനം സഹിക്കവയ്യാതെയാണ് കൃത്യം ചെയ്തതെന്ന് ഗുണേശ്വരി പൊലീസിൽ മൊഴി നൽകി. മദ്യപിച്ചെത്തി ദിവസവും മുദിരാമൻ ഉപദ്രവിച്ചിരുന്നു. കോടാലി ഉപയോഗിച്ച് മുറിവേൽപ്പിച്ചിരുന്നു. സംഭവ ദിവസം പതിവുപോലെ മദ്യപിച്ചെത്തിയ മുദിരാമൻ മർദ്ദിച്ചുവെന്നും സഹികെട്ടപ്പോൾ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭർത്താവിന്റെ തലവെട്ടിയെടുക്കുകയായിരുന്നുവെന്നും ഗുണേശ്വരി പൊലീസിനോട് വ്യക്തമാക്കി.
രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടക്കം അഞ്ച് മക്കളാണ് മുദിരാമൻ-ഗുണേശ്വരി ദമ്പതികൾക്ക്. ഒരിക്കൽ മുദിരാമന്റെ ഉപദ്രവം സഹിക്കവയ്യാതെ ഗുണേശ്വരി വീട് വിട്ട് പോയിരുന്നു. എന്നാൽ മക്കളെ ഓർത്ത് തിരികെ എത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഗുണേശ്വരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here