രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് എന്‍എസ്എസ്ഒയുടെ തൊഴില്‍ സര്‍വ്വേ

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവിടാതിരുന്ന നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ കണക്കനുസരിച്ച് 6 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. തൊഴിലുള്ള പുരുഷന്മാരുടെ എണ്ണം 28.6 കോടി ആയി ഇടിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ സര്‍ക്കാരും നീതി ആയോഗും ഇത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് ഒടുവില്‍ തൊഴില്‍ മന്ത്രാലയം ശരിവെച്ചു. റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു.
ഇന്ത്യയുടെ ഏറ്റവും ആധികാരികമായ സര്‍വ്വേയാണ് എന്‍എസ്എസ്ഒയുടെ തൊഴില്‍ സര്‍വേ. ഇതനുസരിച്ച് 1972-73 നുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന് തൊഴിലില്ലായ്മയാണ് 2017-18 കാലയളവില്‍ ഉണ്ടായിരിക്കുന്നതെന്നാണ് സര്‍വ്വേയിലൂടെ പുറത്തു വന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here