ഷോർട്ട് ബോളിൽ തകർന്ന് പാക്കിസ്ഥാൻ; വെസ്റ്റ് ഇൻഡീസിന് 106 റൺസ് വിജയ ലക്ഷ്യം

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെതിരെ പാക്കിസ്ഥാൻ 105 റൺസിനു പുറത്ത്. കൃത്യതയാർന്ന വിൻഡീസ് ബൗളിങ്ങിനു മുന്നിലാണ് പാക്കിസ്ഥാൻ തകർന്നടിഞ്ഞത്. നാലു വിക്കറ്റെടുത്ത ഒഷേൻ തോമസാണ് വിൻഡെസ്സ് ബൗളിംഗിൽ മികച്ചു നിന്നത്. ലോകകപ്പിൽ ഒരു ടീമിൻ്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്.
മികച്ച നിലയിലാണ് പാക്കിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. ഇമാമുൽ ഹഖ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ആക്രമണാത്മക ബാറ്റിംഗ് കാഴ്ച വെച്ച ഫഖർ സമാൻ വേഗത്തിൽ സ്കോർ ചെയ്തു. മൂന്നാം ഓവറിൽ രണ്ട് റൺസെടുത്ത ഇമാമുൽ ഹഖിനെ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ച കോട്രെൽ വിൻഡീസിന് ആദ്യ ബ്രേക്‌ത്രൂ നൽകുമ്പോൾ സ്കോർ ബോർഡിൽ 17 റൺസാണ് ഉണ്ടായിരുന്നത്.
തുടർന്ന് ക്രീസിലെത്തിയ പാക്കിസ്ഥാൻ്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ബാബർ അസം ഫഖർ സമാനൊപ്പം ചേർന്നതോടെ സ്കോർ ഉയരാൻ തുടങ്ങി. എന്നാൽ, ആന്ദ്രേ റസലിനു പന്തേല്പിക്കാനുള്ള വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറുടെ തീരുമാനം ശരി വെച്ചു കൊണ്ട് റസൽ സമാനെ പുറത്താക്കി. ഒരു ഷോർട്ട് ബോൾ കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പ് തെറിപ്പിച്ചു. 16 പന്തുകളിൽ 22 റൺസെടുത്ത സമാൻ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഹാരിസ് സൊഹൈലിന് 11 പന്തുകൾ മാത്രമായിരുന്നു ആയുസ്സ്. എട്ട് റൺസെടുത്ത ഹാരിസിനെ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ച റസൽ തൻ്റെ രണ്ടാം വിക്കറ്റ് നേടി.
ബ്രാത്‌വെയ്റ്റ് എറിഞ്ഞ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറിൽ ബാബർ അസമിൻ്റെ ഒരു ഈസി ക്യാച്ച് വിട്ടുകളഞ്ഞ ഷിംറോൺ ഹെട്മെയർ അസമിന് ആയുസ്സ് നീട്ടി നൽകിയെങ്കിലും അത് 14ആം ഓവറിൽ അവസാനിച്ചു. വളരെ മികച്ച നിലയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അസമിനെ പുറത്താക്കിയ ഒഷേൻ തോമസ് തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി. പുറത്താകുമ്പോൾ 22 റൺസായിരുന്നു ബാബറിൻ്റെ സമ്പാദ്യം.
17ആം ഓവറിൽ 8 റൺസെടുത്ത പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെ പുറത്താക്കിയ വിൻഡീസ് നായകൻ ജേസൺ ഹോൾഡർ തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി. ഓവറിലെ അവസാന പന്തിൽ ഇമാദ് വാസിമിനെ (1)ക്കൂടി പുറത്താക്കിയ ഹോൾഡർ വിക്കറ്റ് വേട്ട രണ്ടാക്കി ഉയർത്തി. തുടർന്ന് തൊട്ടടുത്ത ഓവറിൽ ഷദാബ് ഖാൻ (0) ഒഷേൻ തോമസിനു മുന്നിൽ വീണപ്പോൾ തൊട്ടടുത്ത ഓവറിൽ ഷെൽഡൻ കോട്രലിനു ആദ്യ വിക്കറ്റ് സമ്മാനിച്ച് ഹസൻ അലി (1)യും മടങ്ങി. 20ആം ഓവറിൽ 16 റൺസെടുത്ത മുഹമ്മദ് ഹഫീസിനെ പുറത്താക്കിയ ഒഷേൻ തോമസ് പാക്ക് ഇന്നിംഗ്സിൽ അവസാന ആണിയടിച്ചു. അവസാന ഘട്ടത്തിൽ ചില കൂറ്റൻ ഷോട്ടുകൾ കളിച്ച വഹാബ് റിയാസാണ് പാക്കിസ്ഥാനെ 100 കടത്തിയത്. 22ആം ഓവറിൽ 18 റൺസെടുത്ത റിയാസിൻ്റെ കുറ്റി പിഴുത ഒഷേൻ തോമസ് നാലു വിക്കറ്റ് നേട്ടത്തിലെത്തി. ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റും ആന്ദ്രേ റസൽ 2 വിക്കറ്റും കോട്രെൽ ഒരു വിക്കറ്റും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here