ഗെയിലിന് അർദ്ധസെഞ്ചുറി; വിൻഡീസിന് അനായാസ ജയം

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. 106 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 13.4 ഓവറിൽ ലക്ഷ്യം ഭേദിച്ചു. അർദ്ധസെഞ്ചുറിയടിച്ച ക്രിസ് ഗെയിലാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. വിൻഡീസിൻ്റെ മൂന്നു വിക്കറ്റും മുഹമ്മദ് ആമിറാണ് വീഴ്ത്തിയത്.
ബൗളർമാരെ കടന്നാക്രമിച്ച് ഇന്നിംഗ്സ് തുടങ്ങിയ ഗെയിൽ ഷായ് ഹോപ്പിനെ കാഴ്ചക്കാരനാക്കി കത്തിക്കയറി. തുടക്കത്തിൽ ടൈമിംഗ് കണ്ടെത്താൻ വിഷമിച്ച ഗെയിൽ പിന്നീട് പതിയെ താളം കണ്ടെത്തി. അഞ്ചാം ഓവറിൽ മുഹമ്മദ് ആമിറിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് ഷായ് ഹോപ്പ് മടങ്ങിയതോടെയാണ് വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 11 റൺസെടുത്ത ഹോപ്പിനെ ആമിർ ഹഫീസിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ഡാരൻ ബ്രാവോ നാല് പന്തുകൾ മാത്രം നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആമിറിനു തന്നെയായിരുന്നു വിക്കറ്റ്. തുടർന്ന് നിക്കോളാസ് പൂരനുമായിച്ചേർന്ന് ഗെയിൽ വിൻഡീസ് ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. ഇതിനിടെ 11ആം ഓവറിൽ തൻ്റെ അർദ്ധസെഞ്ചുറി തികച്ച ഗെയിൽ ആ ഓവറിൽ തന്നെ വീണു. 34 പന്തുകളിൽ 50 റൺസെടുത്ത ശേഷമാണ് ഗെയിൽ പുറത്തായത്.
തുടർന്ന് ഷിംറോൺ ഹെട്മെയറും നിക്കോളാസ് പൂരനും ചേർന്ന് വിൻഡീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 34 റൺസെടുത്ത പൂരനും 7 റൺസെടുത്ത ഹെട്മെയറും പുറത്താവാതെ നിന്നു.
കൃത്യതയാർന്ന വിൻഡീസ് ബൗളിങ്ങിനു മുന്നിലാണ് പാക്കിസ്ഥാൻ തകർന്നടിഞ്ഞത്. നാലു വിക്കറ്റെടുത്ത ഒഷേൻ തോമസാണ് വിൻഡെസ്സ് ബൗളിംഗിൽ മികച്ചു നിന്നത്. ലോകകപ്പിൽ ഒരു ടീമിൻ്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here