കേരള കോൺഗ്രസിനുള്ളിലെ തർക്കത്തിൽ തകർന്നടിഞ്ഞ് ജോസ് കെ മാണി വിഭാഗം

കേരള കോൺഗ്രസിനുള്ളിലെ തർക്കത്തിൽ തകർന്നടിഞ്ഞ് ജോസ് കെ മാണി വിഭാഗം. ഏത് പേരിൽ വിളിച്ചാലും അധികാരം പി ജെ ജോസഫിനെന്ന് വ്യക്തമാക്കി ജോയ് എബ്രഹാം രംഗത്തെത്തി. ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിംഗ് ചെയർമാനാണ് അധികാരമെന്നും, അത് പ്രയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമല്ലെന്നും ജോസ് കെ മാണിക്ക് ജോസഫിന്റെ മറുപടി. കത്തുകളെ കുറിച്ച് ജോസ് കെ മാണി അന്വേഷിച്ച ശേഷം പ്രകരിക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.
ജോസഫ് കത്ത് നൽകിയത് പാർട്ടിയിൽ ആലോചിക്കാതെയാണെന്നും ജനാധിപത്യ രീതിയിൽ കമ്മറ്റികൾ വിളിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും ജോസ് കെ മാണി രാവിലെ പ്രതികരിച്ചു. ആക്ടിംഗ് ചെയർമാൻ, ടെമ്പററി ചെയർമാൻ, ചെയർമാൻ ഇൻ ചാർജ് സ്ഥാനങ്ങൾ പാർട്ടിയിൽ ഇല്ലെന്നും ജോസ് കെ മാണി ആരോപിച്ചു.
എന്നാൽ ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിംഗ് ചെയർമാനാണ് അധികാരമെന്നും അത് പ്രയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമല്ലെന്നും പി.ജെ ജോസഫ് തിരിച്ചടിച്ചു. ചിലർ സത്യങ്ങൾ വളച്ചൊടിക്കുകയാണ്. കത്ത് നൽകിയതിനെ സംബന്ധിച്ച് ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷനിൽ അന്വേഷിക്കാതെ പ്രതികരിച്ചത് ശരിയല്ലെന്നും ജോസഫ് പറഞ്ഞു
ജൂൺ ഒൻപതിനകം പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നും നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുമെന്നും ജോസഫ് വ്യക്തമാക്കി. സമവായം ഉണ്ടാകാതെ സംസ്ഥാന കമ്മറ്റി വിളിക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി. അതിനിടെ പി ജെ ജോസഫിന് പിന്തുണയുമായി ജനറൽ സെക്രട്ടറി ജോയ് എബ്രഹാം രംഗത്തെത്തി. ചെയർമാന്റെ അധികാരങ്ങൾ വർക്കിംഗ് ചെയർമാനാണെന്നും, ഏത് പേരിൽ വിളിച്ചാലും അധികാരം ജോസഫിനാണെന്നും ജോയ് എബ്രഹാം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. മുതിർന്ന നേതാക്കൾ പരസ്യമായി ജോസഫിനെ അനുകൂലിച്ചതോടെ ജോസ് കെ മാണി വിഭാഗം പ്രതിരോധത്തിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here