കേരളാ കോൺഗ്രസിലെ ഉൾപാർട്ടി പോര്; പിന്നോട്ടില്ലെന്നുറച്ച് ജോസ് കെ മാണി; സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ശക്തമാക്കി

കേരള കോൺഗ്രസിൽ പാർട്ടി പിടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ പാളിയെങ്കിലും പിന്നോട്ടില്ലെന്നുറച്ച് ജോസ് കെ മാണി പക്ഷം. പി.ജെ ജോസഫിന്റെ കത്തിനെതിരെ പരാതി നൽകിയതിന് പിന്നാലെ സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ആവശ്യവും മാണി വിഭാഗം ശക്തമാക്കി. മുതിർന്ന നേതാക്കളുടെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനുള്ള ചർച്ചകളും ഗ്രൂപ്പിൽ ഊർജ്ജിതമായി
ഇതുവരെയുള്ള നീക്കങ്ങൾ തിരിഞ്ഞു കൊത്തുകയും ജോസഫ് പക്ഷത്തിന് അനുകൂലമാകുകയും ചെയ്തതോടെ തന്ത്രപൂർവ്വം നീങ്ങാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പദ്ധതി. പാർട്ടി ഭരണഘടനയെ കുറിച്ച് പി.ജെ ജോസഫിന്റെ അവകാശവാദങ്ങളെ ചെറുക്കുകയും പരാതി നൽകുകയും ചെയ്തു. വിമത നീക്കമായി ചിത്രീകരിക്കപ്പെട്ടേക്കാം എന്ന ഭീതിയിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ഒപ്പു ശേഖരണം നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും യോഗം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. ഗ്രൂപ്പിനുള്ളിൽ ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളെ ഒപ്പം നിർത്താനും ജോസ് കെ മാണി ശ്രമം ആരംഭിച്ചു.
താൻ പാർട്ടി അധ്യക്ഷനാകുന്നതിൽ ഇവർക്കുള്ള എതിർപ്പിനെ മറികടക്കാനാണ് നീക്കം. ആദ്യം ഗ്രൂപ്പിനുള്ളിൽ സമവായം ഉണ്ടാക്കിയ ശേഷം വീണ്ടും കളത്തിലിറങ്ങാനാണ് പദ്ധതി. കോലം കത്തിക്കലും പ്രകടനങ്ങളുമായി ഏറ്റുമുട്ടൽ തെരുവിലേക്ക് നീങ്ങുന്നതിനിടെ അണികളോട് സംയമനം പാലിക്കാനും ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here