കൽബുർഗി വധക്കേസിൽ കൊലയാളിയുടെ സഹായി പിടിയിൽ
കന്നട സാഹിത്യകാരനായ എം എം കൽബുർഗി വധക്കേസിൽ കൊലയാളിയുടെ സഹായി പിടിയിൽ. കേസിലെ പ്രധാന പ്രതി ഗണേഷ് മിസ്‌കിയുടെ സഹായി കൃഷ്ണമൂർത്തിയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായിരിക്കുന്നത്. അമോൽ കാലെയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളാണ് കൃഷ്ണമൂർത്തിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ ഗണേഷ് മിസ്‌കിൻ, അമിത് ബഡ്ഡി, വസുദേവ് സൂര്യവംശി എന്നിവരെ ഇക്കഴിഞ്ഞ മാർച്ചിൽ കൽബുർഗി വധക്കേസിലും പ്രതിചേർത്തിരുന്നു. ഇതിൽ ഗണേഷ് മിസ്‌കിനാണ് കൽബുർഗിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഹിന്ദുത്വ വിമർശകരായ പുരോഗമനവാദികളെ ഇല്ലാതാക്കാൻ 2011ൽ രൂപവത്കരിച്ച തീവ്ര ഹിന്ദുത്വ സംഘത്തിന്റെ ഭാഗമാണ് കൃഷ്ണമൂർത്തിയെന്നാണ് സൂചന. മറ്റു സംഘടനകളുമായി കൃഷ്ണൂർത്തിക്ക് ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നാലുവർഷത്തിനുശേഷമാണ് കൽബുർഗി വധക്കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here