സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധം; ബാലഭാസ്‌ക്കറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത് ലക്ഷ്മിയല്ല

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മാനേജർമാരല്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്ത കുറിപ്പ് എഴുതിയത് ഭാര്യ ലക്ഷ്മിയല്ലെന്ന് പുതിയ റിപ്പോർട്ട്. കൊച്ചിയിലെ ഏജൻസിയാണ് പോസ്റ്റിട്ടതെന്ന് ലക്ഷ്മി വെളിപ്പെടുത്തിയതായാണ് വിവരം. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപെടലുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്‌ക്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മിയുടെ പേരിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞത്. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ അവർ നടത്തിയിരുന്നുവെന്നും അതിനുള്ള പ്രതിഫലം നൽകിയിരുന്നുവെന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നത്. പേസ്റ്റിന് താഴെ ‘സ്‌നേഹപൂർവം ലക്ഷ്മി ബാലഭാസ്‌ക്കർ’ എന്ന് എഴുതുകയും ചെയ്തിരുന്നു.
ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകളേറുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ പ്രകാശ് തമ്പി പിടിയിലായതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തിൽ അയാൾക്ക് പങ്കുണ്ടോ എന്ന രീതിയിലുള്ള സംശയങ്ങൾ ഉയർന്നു. ആരോപണം ഉന്നയിച്ച് ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നിർണ്ണാടക വെളിപ്പെടുത്തലുമായി കലാഭവൻ സോബി ജോർജ് രംഗത്തെത്തി. ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട് പത്തുമിനിട്ടിനുള്ളിൽ സോബി അതുവഴി കടന്നുപോയിരുന്നു. ഇതിനിടെ അപകട സ്ഥലത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ രണ്ടു പേരെ കണ്ടിരുന്നുവെന്നും ഇക്കാര്യം സുഹൃത്തും ഗായകനുമായ മധു ബാലകൃഷ്ണനോട് പറഞ്ഞപ്പോൾ ബാലഭാസ്‌ക്കറിന്റെ മാനേജർ പ്രകാശ് തമ്പിയോട് പറയാനുമാണ് പറഞ്ഞതെന്ന് സോബി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പ്രകാശ് തമ്പിയെ വിളിച്ചപ്പോൾ ആദ്യം ഗൗനിച്ചില്ലെന്നും പിന്നീട് തിരിച്ചു വിളിച്ച് സംഭവം ആരോടെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചതായും സോബി വെളിപ്പെടുത്തിയിരുന്നു. ഇത് പിന്നാലെ തനിക്കെതിരെ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി സോബി രംഗത്തെത്തുകയും ചെയ്തു.
അതേസമയം, ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. സംശയം ഉന്നയിച്ച അച്ഛൻ ഉണ്ണിയുടേയും ലക്ഷ്മിയുടേയും സോബി ജോർജിന്റേയും ഉൾപ്പെടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here