ഉജ്ജ്വല ബൗളിംഗുമായി ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്ക പൊരുതുന്നു

ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു. വളരെ മികച്ച രീതിയിൽ പന്തെറിയുന്ന ബംഗ്ലാദേശ് ബൗളർമാർ ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയിരിക്കുകയാണ്. ഇതു വരെ 3 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 61 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ.
ലോകകപ്പ് സമ്മർദ്ദം താങ്ങാനാവാതെ വിക്കറ്റ് തുലയ്ക്കുന്ന ദക്ഷിണാഫ്രിക്കയെയാണ് ഓവലിൽ കണ്ടത്. വലിയ പരിക്കുകളില്ലാതെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഓപ്പണിംഗ് സഖ്യം 10ആം ഓവറിൽ വേർപിരിഞ്ഞത് അശ്രദ്ധ കൊണ്ടാണ്. മെഹദി ഹസൻ്റെ പന്തിൽ ഡികോക്ക് നൽകിയ ക്യാച്ച് വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ നിലത്തിട്ടെങ്കിലും ഇല്ലാത്ത റണ്ണിനോടിയ ഡികോക്കിനെ നേരിട്ടുള്ള ഏറിലൂടെ മിഷ്ഫിക്കർ തന്നെ പുറത്താക്കി. ഓപ്പണിംഗ് വിക്കറ്റിൽ എയ്ഡൻ മാർകരവുമായിച്ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് ഡികോക്ക് മടങ്ങിയത്. 23 റൺസായിരുന്നു ഡികോക്കിൻ്റെ സ്കോർ.
ഡികോക്ക് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് മാർക്രവുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇരുവരും സാവധാനമെങ്കിലും സ്ഥിരതയോടെ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം കൃത്യം 10 ഓവറുകൾക്കു ശേഷം വേർപിരിഞ്ഞു. ഷാക്കിബുൽ ഹസൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ മാർക്രം അർദ്ധസെഞ്ചുറിയിൽ നിന്നും അഞ്ച് റൺസ് മാത്രം അകലെയായിരുന്നു.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന ഡുപ്ലെസിസ് 45 പന്തുകളിൽ അരസെഞ്ചുറി കുറിച്ചു. എന്നാൽ 27ആം ഓവറിൽ മെഹദി ഹസനു വിക്കറ്റ് സമ്മാനിച്ച് ഡുപ്ലെസിസും മടങ്ങി. മെഹ്ദി ഹസൻ്റെ പന്തിൽ വിക്കറ്റു തെറിച്ച് മടങ്ങിയ ഫാഫ് 62 റൺസെടുത്തിരുന്നു. അവസാനം റിപ്പോർട്ട് കിട്ടുമ്പോൾ 28 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 154 റൺസ് എടുത്തിട്ടുണ്ട്. 13 റൺസെടുത്ത ഡേവിഡ് മില്ലറും 6 റൺസെടുത്ത വാൻ ഡർ ഡസ്സനുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here