മുല്ലപ്പെരിയാർ; പുതുക്കിയ ഷട്ടർ പ്രവർത്തന മാർഗരേഖ തമിഴ്‌നാട് സമർപ്പിക്കണമെന്ന് മേൽനോട്ട സമിതി

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേന്ദ്ര ജലകമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പുതുക്കിയ ഷട്ടർ പ്രവർത്തന മാർഗരേഖ തമിഴ്‌നാട് സമർപ്പിക്കണമെന്ന് മേൽനോട്ട സമിതി. ഒരുമാസത്തിനകം സമർപ്പിക്കാനാണ് നിർദ്ദേശം. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച ശേഷം നടത്തിയ യോഗത്തിലാണ് തീരുമാനം.
കാലവർഷത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണ് മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തിയത്. അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ, ബേബി ഡാം എന്നിവ സമിതി പരിശോധിച്ചു. നിലവിൽ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറക്കുന്നതിന് മാർഗരേഖകൾ ഇല്ല. കേരളത്തിന്റെ നിരന്തര സമ്മർദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം തമിഴ്‌നാട് മാർഗരേഖ തയ്യാറാക്കി ജല കമ്മീഷന് നൽകിയിരുന്നു. ഇതിൽ തിരുത്തലുകൾ വരുത്തി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് തമിഴ്‌നാടിനോട് മേൽനോട്ട സമിതി നിർദ്ദേശിച്ചു
പ്രളയത്തിൽ തകർന്ന വള്ളക്കടവ് റോഡ് പുനർനിർമ്മിക്കണമെന്ന് സമിതിയിൽ തമിഴ്‌നാട് ആവശ്യം ഉന്നയിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേരളം മറുപടി നൽകി. നിലവിൽ 112 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സ്വീപേജ് വെള്ളത്തിന്റെ അളവ് ജലനിരപ്പിന് അനുപാധികമാണെന്ന് സമിതി വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here