അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അന്‍പത് റാങ്കുകളില്‍ മൂന്ന് മലയാളികള്‍

അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷ ഫലത്തില്‍ ആദ്യ അന്‍പത് റാങ്കുകളില്‍ മൂന്ന് മലയാളികള്‍. രാജസ്ഥാന്‍ സ്വദേശി നളീന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡിയാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്. മെയ് മാസം അഞ്ചിനാണ് നീറ്റ് പരീക്ഷ നടന്നത്.
നീറ്റ് പരീക്ഷ എഴുതിയ 56.5 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉന്നത പഠത്തിനു അര്‍ഹത നേടിയത്. രാജസ്ഥാന്‍ സ്വദേശി നളീന്‍ ഖണ്ഡേവാളിനു പിന്നാലെ ഡെല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള അക്ഷത് കൌശിക് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഏഴാം റാങ്ക് നേടിയ മാധുരി റെഡ്ഡിയാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്.
ആദ്യ അമ്പത് പേരുടെ പട്ടികയില്‍ മൂന്ന് മലയാളികള്‍ ഇടം പിടിച്ചു. മലയാളികളായ അതുല്‍ മനോജ് 29, ഹ്രിദ്യ ലക്ഷ്മി ബോസ് 31, അശ്വിന്‍ വി പി 33 എന്നീ റാങ്കുകളാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 66.5 ശതമാനം പേര്‍ ഉന്നത പഠനത്തിനു അര്‍ഹത നേടി. ദേശീയ ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതലാണ് കേരളത്തിന്റെ വിജയ ശതമാനം. ഫോനി ചുഴലികാറ്റിനെ തുടര്‍ന്നും കര്‍ണാടകയില്‍ ട്രയിന്‍ വൈകിയകതിനെ തുടര്‍ന്നും ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ക്കായി മെയ് 20 നു വീണ്ടും പരീക്ഷ നടത്തിയതിനു ശേഷമാണ് എന്‍ ടി എ ഫലം പുറത്ത് വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here