ബാലഭാസ്‌ക്കറിന്റെ മരണം; തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാലക്കാട്ട ഡോക്ടർ രവീന്ദ്രൻ

വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട തങ്ങൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാലക്കാട്ട ഡോക്ടർ രവീന്ദ്രൻ. ബാലഭാസ്‌ക്കറുമായി തങ്ങൾക്ക് ദീർഘകാലത്തെ ഗാഢബന്ധമുണ്ടായിരുന്നു. ബാലഭാസ്‌ക്കർ തങ്ങളുടെ കുടുംബാംഗത്തെ പോലെയായിരുന്നുവെന്നും ഡോക്ടർ രവീന്ദ്രൻ പറഞ്ഞു. ഭാര്യ ലതയുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രവീന്ദ്രൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
തങ്ങളുമായുള്ള ബാലഭാസ്‌ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഡോക്ടർ സ്ഥാപനം എന്ന രീതിയിൽ ബാലഭാസ്‌ക്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നൽകിയിട്ടുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ കൈയിൽ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നൽകിയിട്ടുണ്ടെന്നും ഡോക്ടർ രവീന്ദ്രൻ പറഞ്ഞു. ആശുപത്രി നിർമ്മാണ പ്രവർത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്‌ക്കർ പണം തന്നത്. ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അർജുനെ ചെറുപ്പം മുതൽ ബാലുവിന് അറിയാമെന്നും രവീന്ദ്രൻ പറഞ്ഞു.
അതേസമയം, അർജുനെ ഒപ്പം കൂട്ടിയത് ബാലഭാസ്‌ക്കർ തന്നെയാണെന്ന് ലത പ്രതികരിച്ചു. ബാലഭാസ്‌ക്കറെ താൻ നിർബന്ധിച്ച് പറഞ്ഞയച്ചെന്ന വാദം തെറ്റാണ്. ബാലുവിന് അപകടം പറ്റിയെന്ന് അറിഞ്ഞപ്പോൾ ഷോക്കായത് കൊണ്ടാണ് ഫോൺ കട്ട് ചെയ്തത്. അതിൽ ദുരൂഹതയുണ്ടെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ലത വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here