പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് വിജിലന്‍സ്; എഫ്‌ഐആര്‍ പകര്‍പ്പ് ട്വന്റിഫോറിനു ലഭിച്ചു

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് വിജിലന്‍സ്. കിറ്റ്‌കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കി. ഖജനാവിന് കോടികളുടെ നഷ്ടം ഇതിലൂടെയുണ്ടായെന്നും വിജിലന്‍സ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. എഫ്‌ഐആറിന്റെ ട്വന്റി ഫോറിന് ലഭിച്ചു.
നാല്‍പത് കോടി 70 ലക്ഷം രൂപ ആകെ ചിലവായ പദ്ധതിയില്‍ അടിമുടി ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് എഫ്‌ഐആര്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കിറ്റ്‌കോ, ആര്‍ബിഡിസികെ എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കരാറുകാരന് ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നു. ഇതിലൂടെ ഉദ്യോഗസ്ഥരും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കി. പാലത്തിന്റെ അലൈന്‍മെന്റ് ശരിയല്ലെന്നതിന് പുറമേ കോണ്‍ക്രീറ്റിനുപയോഗിച്ച വസ്തുക്കളില്‍ പോലും വ്യാപക തട്ടിപ്പ് നടന്നുവെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
അതേസമയം പാലം പണി കരാറെടുത്ത ആര്‍ഡിഎസ് കമ്പനിയുടെ എംഡി സുമീത് ഗോയല്‍, മേല്‍പ്പാലം ഡിസൈന്‍ ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സി, കിറ്റ്‌കോ-ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ സംഘം സംശയിക്കുന്ന 17 പേര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ ഇട്ടിട്ടുള്ളത്. മേല്‍പ്പാലം തകര്‍ച്ചയില്‍ കിറ്റ്‌കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ആരോപിക്കുന്ന എഫ്‌ഐആര്‍, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവരെ പിടികൂടാന്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here