നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് സിപിഎം കേരള ഘടകം

നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് സിപിഎം കേരള ഘടകം. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേരള ഘടകം നിലപാടറിയിച്ചത്. ബിജെപിക്ക് പോയ അനുഭാവികളുടെ വോട്ടുകള്‍ ആരുടേയും കുത്തകയല്ലെന്ന് ബംഗാള്‍ ഘടകവും നിലപാടെടുത്തു. മൂന്ന് ദിവസത്തേക്കായി ചേരുന്ന കേന്ദ്ര കമ്മിറ്റി ഇന്നും നാളെയും തുടരും.
സംഘടനപരമായ തിരിച്ചടിയല്ല, രാഷ്ട്രീയ പരമായ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്
തോല്‍വിക്ക് കാരണമെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം കൈകൊണ്ട നിലപാട്. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി തിരിച്ചു വരവ് നടത്തുമെന്നും കേരള ഘടകം അറിയിച്ചു. പശ്ചിമബംഗാളിലെ വോട്ട് ചോര്‍ച്ച ശാശ്വതമല്ലെന്നും, അനുഭാവി വോട്ടുകള്‍ ആരുടേയും കുത്തകയല്ലെന്നും ബംഗാള്‍ ഘടകവും അറിയിച്ചു.
കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് ധാരണയാകാമെന്ന പാര്‍ട്ടി നയം, ത്രിപുരയിലെ തോല്‍വിക്ക് കാരണമായതായി ത്രിപുര നേതൃത്വത്തിനും പരാതിയുണ്ട്. മൂന്ന് ദിവസത്തേക്ക് ചേരുന്ന കേന്ദ്ര കമ്മിറ്റി നാളെ അവസാനിക്കും. സംസ്ഥാന ഘടകം സമര്‍പ്പിച്ച റിപ്പോര്‍ട്ടും, പി ബി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇന്നലെ കമ്മിറ്റിക്ക് മുമ്പാകെ വച്ചു. ഇതിന്മേലാകും ഇന്ന് ചര്‍ച്ച നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടി ആത്മവിമര്‍ശനാത്മകമായി പരിശോധിക്കാനായിരുന്നു മെയ് മാസം അവസാനം ചേര്‍ന്ന പിബി യുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here