Advertisement

ഹർദ്ദിക് പാണ്ഡ്യക്ക് മറ്റൊരു യുവരാജ് ആകാൻ കഴിയുമോ?

June 7, 2019
1 minute Read

2011 ലോകകപ്പ് ബിസിസിഐയുടെ ഷോക്കേസിൽ ഇരിക്കാൻ കാരണം യുവരാജ് സിംഗ് എന്ന പഞ്ചാബുകാരനാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും യുവി നടത്തിയ തുല്യതയില്ലാത്ത പ്രകടനങ്ങൾ മറ്റാരും അംഗീകരിച്ചില്ലെങ്കിലും നമ്മൾ ഇന്ത്യക്കാർ അംഗീകരിക്കും. ക്യാൻസറിനോട് പൊരുതി യുവി ഗ്രൗണ്ടിൽ കാണിച്ച ഹീറോയിസത്തിൻ്റെ റിസൽട്ടാണ് രണ്ടാം വട്ടം നമ്മളെ ലോക ചാമ്പ്യന്മാരാക്കിയത്. ആ ലോകകപ്പിൽ മാൻ ഓഫ് ദി സീരീസായി യുവി തിരഞ്ഞെടുക്കപ്പെട്ടതും അതൊക്കെക്കൊണ്ടാണ്. 2019 ലോകകപ്പ് സാധ്യതകളെപ്പറ്റി സംസാരിക്കുമ്പോൾ പലപ്പോഴായി മുഴങ്ങിക്കേട്ട ഒരു പേരാണ് ഹർദ്ദിക് പാണ്ഡ്യയുടേത്. ഹർദ്ദിക്ക് പാണ്ഡ്യ ഇന്ത്യയുടെ മറ്റൊരു യുവരാജ് ആകുമെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ ഉൾപ്പെടെ പലരും അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായങ്ങളെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയട്ടെ, ഹർദ്ദിക്കിന് മറ്റൊരു യുവി ആകാനുള്ള കഴിവില്ല.

ശരിയാണ്, ഹർദ്ദിക് പാണ്ഡ്യ വളരെ നല്ല ഒരു ഓൾറൗണ്ടർ തന്നെയാണ്. പക്ഷേ, അയാൾക്ക് 2011 ലോകകപ്പിൽ യുവി കാണിച്ച സ്ഥിരതയും പ്രകടന മികവും കാണിക്കാൻ കഴിയുമോ എന്നതാണ് സംശയം. ഒന്നാമതായി ഹർദ്ദിക് പാണ്ഡ്യ ഒരു ശരാശരി ബൗളർ മാത്രമാണ്. അയാളുടെ ബൗളിംഗ് സ്കില്ലുകളെക്കാൾ ബാറ്റ്സ്മാൻ്റെ മണ്ടത്തരമാണ് അയാൾക്ക് വിക്കറ്റുകൾ നേടിക്കൊടുത്തിട്ടുണ്ട്. ഗുഡ് ലെംഗ്ത്, ബാക്ക് ഓഫ് എ ലെംഗ്ത് ഡെലിവറികൾ തുടർച്ചയായി എറിയുന്ന ഒരു ബൗളർ മാത്രമാണ് ഹർദ്ദിക്ക് പാണ്ഡ്യ. ഏകദിന മത്സരങ്ങളുടെ മധ്യ ഓവറുകളിലോ ആദ്യ പവർ പ്ലേയുടെ തുടക്കത്തിലോ മാത്രം പന്തേല്പിച്ച് ഓവർ തീർക്കാൻ കൊള്ളാവുന്ന ഒരു ബൗളർ. ബൗളിംഗിൽ വ്യത്യസ്ഥതയില്ലാത്തത് ഒരു മികച്ച ബൗളർക്ക് ചേർന്ന വിശേഷണമല്ല.

2016 ടി-20 ലോകകപ്പിലെ ഫൈനൽ ഓവറിൽ ഉൾപ്പെടെ അയാൾ നേടിയ വിക്കറ്റുകൾ നോക്കുക. ഗുഡ് ലെംഗ്ത് പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ചാണ് മുഷ്ഫിക്കർ റഹീം പുറത്തായത്. പാണ്ഡ്യ ഒരു യോർക്കർ എറിയാൻ ശ്രമിച്ച് അത് ഫുൾ ടോസ് ആവുകയും അത് ഉയർത്തിയടിക്കാൻ ശ്രമിക്കുകയും ചെയ്താണ് മഹ്മൂദുല്ല പുറത്തായത്. മുൻപും യോർക്കർ എറിയാൻ ശ്രമിച്ച് പരാജയപ്പെടുന്ന പാണ്ഡ്യയെ പല വട്ടം കണ്ടിട്ടുണ്ട്. സ്ലോ ബോളുകൾ പോലും പാണ്ഡ്യക്ക് കൃത്യതയോടെ എറിയാൻ കഴിയാറില്ല. മികച്ച പേസ് ജനറേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് പാണ്ഡ്യയുടെ നേട്ടം. 135-140 കിലോമീറ്റർ വേഗതയിൽ ബൗൾ ചെയ്യുക എന്നതാണ് പാണ്ഡ്യയുടെ വിജയം.

അതേ സമയം യുവരാജ് സിംഗ് ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ എന്ന ലേബൽ നന്നായി ഉപയോഗിച്ച കളിക്കാരനാണ്. ഡ്രിഫ്റ്റിനും ടേണിനുമൊപ്പം കൂടുതൽ എയർ കൊടുത്ത് ബാറ്റ്സ്മാനെ ക്രീസ് വിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ബൗളിംഗ്. അല്ലെങ്കിൽ ലോഫ്റ്റഡ് ഷോട്ടുകൾ കളിക്കാൻ ബാറ്റ്സ്മാനെ പ്രേരിപ്പിക്കുകയും പേസ് വേരിയേഷൻ നടത്തുകയും ചെയ്യുന്ന ബുദ്ധിപരമായ ബൗളിംഗ്. യുവരാജ് എന്ന ബൗളറെ വില കുറച്ചു കണ്ട ബാറ്റ്സ്മാന്മാരെ കുടുക്കി എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സവിശേഷത.

ഇനി ബാറ്റിംഗിലേക്ക് വരികയാണെങ്കിൽ, ഹർദ്ദിക്ക് പാണ്ഡ്യ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. തുടക്കത്തിൽ ഷാഹിദ് അഫ്രീദിയെപ്പോലെ പവർ ഷോട്ടുകളിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന പാണ്ഡ്യ പിന്നീട് ഡിഫൻസീവ് ടെക്നിക്കുകൾ വികസിപ്പിക്കുകയും കുറച്ചു കൂടി ബുദ്ധിപരമായി ബാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. അപ്പൊഴും ഒരു റിലയബിൾ ബാറ്റ്സ്മാൻ എന്ന വിശേഷണത്തിലേക്ക് പാണ്ഡ്യ എത്തിയിട്ടില്ല. ഇന്നിംഗ്സ് ക്ഷമാപൂർവം ബിൽഡ് ചെയ്യുകയും അവസാനം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഒരു ബാറ്റ്സ്മാൻ എന്ന വിശേഷണത്തിലേക്കെത്താൻ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ഫൈനലിലടക്കം പാണ്ഡ്യ ശ്രമിച്ചു എന്നത് ഇന്ത്യക്ക് പ്രതീക്ഷയാണ്. ബ്രൂട്ടൽ പവറിൽ ബൗണ്ടറി ക്ലിയർ ചെയ്യുക എന്ന ധർമ്മത്തിൽ നിലനിൽക്കുന്നതു കൊണ്ടാണ് ഫിനിഷർ എന്ന വിശേഷണം നിലവിൽ പാണ്ഡ്യ അലങ്കരിക്കുന്നത്.

ഇനി യുവരാജിനെയെടുക്കാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലീൻ ഹിറ്റർമാരിൽപെട്ടയാളാണ് യുവരാജ് സിംഗ്. ഫ്ലാമ്പോയൻ്റ് ഡ്രൈവുകളും ക്രിസ്പ് കട്ടുകളും കൈമുതലായുള്ള ഒരു അസാമാന്യ ബാറ്റ്സ്മാൻ. രോഹിത് ശർമ്മയുടെ വരവിനു മുൻപ് പുൾ ഷോട്ടുകൾ ഇത്ര ആധികാരികതയോടെ കളിക്കുന്ന ഒരു കളിക്കാരൻ ഇന്ത്യ കണ്ടിട്ടില്ല. സച്ചിനാണ് യുവിയ്ക്ക് അല്പമെങ്കിലും ഭീഷണിയായിരുന്നത്. ഒപ്പം ഒരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെ എലഗൻസ് കൂടിയാകുമ്പോൾ മണിക്കൂറുകളോളം മടുപ്പില്ലാതെ കണ്ടിരിക്കാനാവുന്ന ബാറ്റിംഗാണ് യുവരാജിൻ്റേത്. ഇന്നിംഗ്സ് ബിൽഡ് ചെയ്യാനും ഫിനിഷ് ചെയ്യാനുമറിയാവുന്ന റെയർ ബ്രീഡ്. ബ്രൂട്ട് പവറിനൊപ്പം അസാമാന്യ ടൈമിംഗും ഒത്തു ചേർന്ന ഒരു പ്രതിഭ. അവിടെയും ഹർദ്ദിക്ക് യുവിയ്ക്ക് പിന്നിൽ നിൽക്കുകയാണ്.

ചുരുക്കത്തിൽ യുവരാജ് സിംഗിനുള്ള നാച്ചുറൽ ടാലൻ്റ് ഹർദ്ദിക്കിനില്ല. ബാറ്റിംഗിൽ ഉണ്ടെന്ന് വാദിക്കാമെങ്കിലും ബൗളിംഗിൽ ഇല്ലേയില്ല. ഹർദ്ദിക്കിൻ്റെ കരിയർ തുടങ്ങിയതേയുള്ളൂ എന്നത് മറക്കുന്നില്ല. ഇനി മെച്ചപ്പെടുമെന്ന് കരുതുന്നു, ആഗ്രഹിക്കുന്നു. അതേ സമയം പാണ്ഡ്യക്ക് മുൻപ് ഇന്ത്യക്ക് ലഭിച്ച പ്രോപ്പർ പേസ് ബൗളർ ഓൾറൗണ്ടർ ഇർഫൻ പത്താൻ ആയിരുന്നു. ഡെത്ത് ഓവറുകളടക്കം വിജയകരമായി എറിഞ്ഞിരുന്ന പത്താൻ പക്ഷേ ബാറ്റിംഗിൽ ഹർദ്ദിക്കിനു വളരെ താഴെയാണ്. അതു കൊണ്ട് തന്നെ, ഹർദ്ദിക്ക് നമുക്ക് ഒരു നല്ല ചോയിസ് തന്നെയാണ്.

ഇനി, ഈ ലോകകപ്പിലെ മികച്ച ഓൾ റൗണ്ടറായി എൻ്റെ തോന്നൽ പറയാം. ഒന്ന്, ഇംഗ്ലണ്ടിൻ്റെ ബെൻ സ്റ്റോക്സ്, രണ്ട് ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top