ലക്ഷ്യം ജനക്ഷേമം; കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

കേന്ദ്രസർക്കാരിന്റെ ലക്ഷ്യം ജനക്ഷേമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രസേവനത്തിനാണ് ബിജെപി സർക്കാർ മുൻഗണന നൽകുന്നത്. ജനസേവനമാണ് വലുത്. വിജയമാണെങ്കിലും പരാജയമാണെങ്കിലും ലക്ഷ്യമാണ് പ്രധാനം. വരാണസി എങ്ങനെയാണോ അതുപോലെയാണ് തനിക്ക് കേരളമെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു. പ്രധാനമന്ത്രിയായ ശേഷം പങ്കെടുത്ത ആദ്യ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു pic.twitter.com/fQpK3JWuB7
— Narendra Modi (@narendramodi) 8 June 2019
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷമാണ് തൃശൂർ ശ്രീകൃഷ്ണ സ്‌കൂൾ മൈതാനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. രാഷ്ട്രീയത്തിലെത്തിയത് അധികാരത്തിന് വേണ്ടി മാത്രമല്ല, രാഷ്ട്രനിർമ്മാണത്തിന് വേണ്ടി കൂടിയാണെന്ന് മോദി പറഞ്ഞു. കേരളത്തിന്റെ പ്രത്യേകത ആധ്യാത്മികതയും വിശ്വാസവുമാണ്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ പറ്റിയിട്ടില്ല, പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറയുകയാണ്. എന്ത് തരത്തിലുള്ള ആലോചനയാണ് ഇതെന്ന് പലർക്കും സംശയം തോന്നിയേക്കും. രാജ്യത്തെ 120 കോടി ജനങ്ങളുടെ നന്മ ഉറപ്പു വരുത്തുന്ന സർക്കാരാണ് കേന്ദ്രത്തിലേത്. വിജയിപ്പിക്കാൻ താൽപര്യം കാണിക്കാത്തവരേയും ഈ സർക്കാർ പരിഗണിക്കും. ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ജനങ്ങളെന്നും മോദി പറഞ്ഞു.
രാവിലെ 9.55ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളെജ് ഹെലിപ്പാഡിൽ ഇറങ്ങിയത്. ഗവർണർ പി സദാശിവവും ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മോദിയെ ഗവർണരും ദേവസ്വം മന്ത്രിയും ഉൾപ്പെടെ അനുഗമിച്ചു. അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച മോദി ഉപദേവന്മാരെ തൊഴുത് ചുറ്റമ്പല പ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾക്കൊണ്ട് തുലാഭാരം നടത്തി.
ഇതിന് പിന്നാലെ ട്വിറ്ററിൽ, ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് മോദി ട്വീറ്റ് ചെയ്തു. ഗുരുവായൂർ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here