സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും. സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിൽ ജൂൺ 10നും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 11നും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനെത്തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനവും ജാഗ്രത പാലിക്കാനും ക്യാംപുകൾ തയാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾക്കുമാണ് റെഡ് അലർട്ട് നൽകുന്നത്.നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 10ന് ഈ നാലു ജില്ലകൾക്കു പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ 11ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്.
അതേസമയം നിലവിലെ സാഹചര്യത്തിൽ ജൂൺ എട്ടിനു കാലവർഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്തെത്തിയെങ്കിലും അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമർദം ഇതിനെ തടയുകയാണ്. ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here