ടിക്ക് ടോക്ക് താരം മോഷണ കേസിൽ അറസ്റ്റിൽ

ടിക്ക് ടോക്ക് താരത്തെ കവർച്ചാ കേസിൽ അറസ്റ്റ് ചെയ്തു. ടിക്ക് ടോക്കിൽ ഒൻപത് ലക്ഷത്തിലധികം ഫോളേവേഴ്‌സുള്ള അഭിമന്യു ഗുപ്തയെയാണ് മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി 19 ന് മുംബൈയിലെ ദമ്പതിമാർ നൽകിയ മോഷണ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് അഭിമന്യു പിടിയിലായത്. അഞ്ചോളം കേസുകളിൽ അഭിമന്യു പ്രതിയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.
നാല് മാസത്തെ അന്വേഷണത്തിനൊടുവിവാണ് മെയ് 28 ന് അഭിമന്യുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. പതിനെട്ട് പവൻ സ്വർണ്ണവും നാല് ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രതിയുടെ വ്യക്തമായ രൂപം ലഭിച്ചില്ല. തുടർന്ന് ദൃശ്യങ്ങൾ സ്‌കാൻ ചെയ്ത് പ്രതിയുടെ രൂപം ഉറപ്പിക്കുകയായിരുന്നു.
മോഷണ വസ്തുക്കൾ യുവാവിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ അഭിമന്യു കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. സ്വർണവും ഫോണും സുഹൃത്തുക്കളിലൊരാൾക്ക് കൈമാറിയെന്ന് അഭിമന്യു പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. ഭാര്യയുടേതാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ സൂക്ഷിക്കാനേൽപിച്ചതായിരുന്നുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.
ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ അഭിമന്യുവിനെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാൾ പൊലീസ് കസ്റ്റഡിലാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here