സിഗരറ്റ് വാങ്ങി നൽകിയില്ലെങ്കിൽ കടിക്കുമെന്ന് ഭീഷണി; പൊലീസുകാരെ സമ്മർദ്ദത്തിലാക്കി എച്ചൈവി ബാധിതനായ തടവുകാരൻ

സിഗരറ്റ് വാങ്ങിക്കൊടുത്തില്ലെങ്കിൽ കടിക്കുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ എച്ചൈവി ബാധിച്ച തടവുകാരൻ്റെ ശ്രമം. സിഗരറ്റ് വാങ്ങി നൽകിയില്ലെങ്കിൽ കടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ തടവുകാരൻ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുന്നതിനിടെ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
കൊലക്കേസും കഞ്ചാവ് കേസുമുള്‍പ്പെടെ നിരവധി കേസിൽ പ്രതിയായ തടവുകാരനാണ് നാടകീയ നീക്കങ്ങളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം റിമാൻഡ് നീട്ടാനായി പ്രതിയെ എആർ ക്യാമ്പിലെ പൊലീസുകാർ വഞ്ചിയൂർ കോടതിയിലെത്തിച്ചപ്പോഴായിരുന്നു ഇയാളുടെ ആക്രമണം. സിഗരറ്റ് നൽകിയില്ലെങ്കിൽ കടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ തടവിൽ നിന്ന് രക്ഷപ്പെട്ടോടാനും ശ്രമിച്ചു.
പിടിക്കാൻ ശ്രമിച്ചാൽ കടിക്കുമെന്നും ഇല്ലെങ്കിൽ സ്വയം കൈമുറിച്ച് രക്തം മറ്റുള്ളവരുടെ മേൽ ഒഴിക്കുമെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തിയ ഇയാൾ കോടതി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ കൂടുതൽ പൊലീസെത്തി അനുനയിപ്പിച്ചാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുപോയത്.
ഇത്തരം തടവുകാരെ ജയിലിൽ നിന്നും വീഡിയോ കോണ്‍ഫറൻസ് വഴി വിസ്തരിക്കണമെന്ന പൊലീസിന്‍റെ ആവശ്യം ഇത് വരെ ജയിൽവകുപ്പ് നടപ്പാക്കിയിട്ടില്ല. പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ പൊലീസ് അസോസിയേഷനും ആവശ്യപ്പെട്ടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here