അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. മഴയുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളും ഉണ്ടാകുന്നുണ്ട്. കടലാക്രമണവും രൂക്ഷമാകുന്നുണ്ട്.
വലിയതുറയില്‍ 5 വീടുകള്‍ പൂര്‍ണമായും, 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. രാധാകൃഷ്ണന്, പ്രസന്ന കുമാരി എന്നിവരാണ് മരിച്ചത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടുകൂടി പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ മേഖലകളിലേക്ക് കടക്കും എന്നതനുസരിച്ചാണ് ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലും മഴ കനത്ത മഴ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here