ശ്രുതിതരംഗം പദ്ധതിയ്ക്ക് 8.8 കോടിയുടെ ഭരണാനുമതി

സംസ്ഥാനത്ത് 5 വയസുവരെ പ്രായമുള്ള മൂകരും ബധിരരുമായ കുട്ടികൾക്ക് സംസാര ശേഷിയും കേൾവി ശേഷിയും ലഭിക്കുന്നതിന് വേണ്ടി സാമൂഹ്യ സുരക്ഷ മിഷൻ ആവിഷ്‌ക്കരിച്ച ശ്രുതിതരംഗം പദ്ധതിയ്ക്കായി 8 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇതുവരെ 948 കുട്ടികൾക്കാണ് ശ്രുതി തരംഗം പദ്ധതിയുടെ സഹായം ലഭിച്ചത്. 5.85 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം 113 കുട്ടികൾക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.
ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂർണമായും സൗജന്യമാണ്. നേരത്തെ ഒരു ചെവിയിൽ മാത്രമായിരുന്നു കോക്ലിയർ ഇംപ്ലാന്റ് നടത്തിയിരുന്നത്. വിദഗ്ധാഭിപ്രായത്തെ തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഒരേ സമയം രണ്ട് ചെവികൾക്കും ഇംപ്ലാന്റേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ രണ്ട് ചെവിയിലും ഇംപ്ലാന്റേഷൻ നടത്തുന്നതിലൂടെ ഏറെക്കുറെ സാധാരണ കേൾവി സാധ്യമാകുന്നു. 19 പേർക്കാണ് ആദ്യ ഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
5 വയസുവരെ പ്രായമുള്ള ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിലൂടെ കേൾവിശക്തിയും തുടർച്ചയായ ആഡിയോ വെർബൽ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കിക്കൊടുക്കുന്നതാണ് ഈ പദ്ധതി. പ്രതിവർഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് എം പാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കുന്നവർ സർജറി ചാർജ് സ്വന്തമായി വഹിക്കേണ്ടതാണ്.
സമയബന്ധിതമായി കോക്ലിയർ ഇംപ്ലാന്റ് നടത്തുന്നതിന് ശ്രുതിതരംഗം പദ്ധതി കൂടുതൽ ശക്തമാക്കുകയും നേരത്തെ കോക്ലിയർ ഇംപ്ലാന്റ് നടത്തിയവരുടെ പ്രോസസർ കേടാകുമ്പോൾ പകരം നൽകുന്നതിന് ധ്വനി പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here